ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റി അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കണോമിക്സ് ടൈംസ് സംഘടിപ്പിച്ച ലോകനേതാക്കളുടെ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വലിയ പരിപാടി ആഗസ്റ്റ് 26, ചൊവ്വാഴ്ച സംഘടിപ്പിക്കുമെന്നും പരിപാടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ പ്രധാനമന്ത്രി പറഞ്ഞു.
ഇക്കണോമിക്സ് ടൈംസ് ഉച്ചകേടിയില്‍ മറ്റ് ചില പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തി. ഈ വര്‍ഷം അവസാനത്തോടെ തദ്ദേശീയമായി നിര്‍മ്മിച്ച സെമികണ്ടക്ടര്‍ ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാകുമെന്നതായിരുന്നു ഒരു പ്രധാന പ്രഖ്യാപനം. സെമികണ്ടക്ടറുമായി ബന്ധപ്പെട്ട ഫാക്ടറികള്‍ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു ദശാബ്ദം മുമ്പ് സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി. പക്ഷേ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് സെമികണ്ടക്ടര്‍ നിര്‍മ്മാണം ആരംഭിക്കാമായിരുന്നു, പക്ഷേ ഇന്ത്യ അതും നഷ്ടപ്പെടുത്തി, പിന്നീടുള്ള വര്‍ഷങ്ങളിലും ഇതുതന്നെ നടന്നു. ഇപ്പോള്‍ സാഹചര്യം മാറി. സെമികണ്ടക്ടര്‍ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങി. ഈ വര്‍ഷം ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പ് വിപണിയില്‍ എത്തും.
ശുഭാന്‍ഷു ശുക്ലയ്ക്ക് അഭിനന്ദനം
ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍, പ്രത്യേകിച്ച് കഴിഞ്ഞ ദശാബ്ദത്തിലെ നേട്ടങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തില്‍ ഇന്ത്യ 60 ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി, മറ്റ് നിരവധി ദൗത്യങ്ങള്‍ വരാനിരിക്കുന്നു. ഈ വര്‍ഷം സെപയ്സ് ഡോക്കിംഗ് നേട്ടം നമ്മള് കൈവരിച്ചു. ഭാവി ദൗത്യങ്ങളില്‍ അത് വലിയൊരു നേട്ടമായിരിക്കും. ഗഗന്യാന് ദൗത്യത്തിലൂടെ ഇന്ത്യ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുകയാണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ അനുഭവങ്ങള്‍ ഈ ദൗത്യത്തില്‍ നമ്മളെ വളരെയധികം സഹായിക്കും, പ്രധാനമന്ത്രി പറഞ്ഞു.