ജിഎസ് ടി 2.0യും നവരാത്രിയും ഒന്നിച്ചെത്തിയപ്പോള്‍ വാഹന വിപണിയില്‍ ഉത്സവത്തേരോട്ടം. പുതിയ ജിഎസ് ടി വ്യവസ്ഥ നിലവില്‍ വന്ന നവരാത്രിയുടെ ആദ്യദിനത്തില്‍ യാത്രാവാഹന വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തിങ്കളാഴ്ച 30,000 യൂണിറ്റുകള്‍ ഡെലിവര്‍ ചെയ്തു. വണ്ടികളെ കുറിച്ച് 80,000 അന്വേഷണങ്ങളാണ് ഒറ്റദിവസം മാരുതിയില്‍ എത്തിയത്. അതേസമയം ഹ്യുണ്ടായി 11,000 യൂണിറ്റുകള്‍ തിങ്കളാഴ്ച വിറ്റു. ഇതിനിടെ വാഹന അന്വേഷണങ്ങളിലും ഡെലിവറികളിലും വാഹന നിര്‍മ്മാതാക്കള്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വാഹന നിര്‍മ്മാണ കമ്പനികളുടെ ഓഹരിവിലകളില്‍ ചൊവ്വാഴ്ച 5 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തി.
പുതിയ ജിഎസ് ടി വ്യവസ്ഥ പ്രകാരം (GST 2.0) ചെറുകാറുകളുടെയും എസ് യു വികളുടെയും ജിഎസ് ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചിരുന്നു. ഇത് പ്രാബല്യത്തില്‍ വന്നതും തിങ്കളാഴ്ചയാണ്.
ഇതുവരെ കാണാത്ത ആവേശമാണ് വിപണിയില്‍ തിങ്കളാഴ്ച കണ്ടതെന്ന് മാരുതി സുസുക്കിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. നവരാത്രി ആരംഭവും ജിഎസ് ടി 2.0യും ഒന്നിച്ചെത്തിയതോടെ തിങ്കളാഴ്ച 25,000ത്തില്‍ പരം വണ്ടികളാണ് മാരുതി ഡെലിവര്‍ ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹ്യുണ്ടായിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള ഹ്യുണ്ടായി ഇന്ത്യയുടെ ഒറ്റദിവസത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ കണ്ടതെന്നും 11,000 ഡീലര്‍ ബില്ലുംഗുകള് റെക്കോര്‍ഡ് ചെയ്തെന്നും കമ്പനി സിഒഒ തരുണ്‍ ഗാര്‍ഗ് അറിയിച്ചു.
പുതിയ ജിഎസ് ടി ഘടനയുടെ സമ്പൂര്‍ണ്ണ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന രീതിയില്‍ വിലകള്‍ പരിഷ്കരിക്കുമെന്ന് എല്ലാ പ്രധാന വാഹന നിര്‍മ്മാതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. ജിഎസ് ടി ഇളവിനൊപ്പം മാരുതി സുസുക്കി, ഹ്യുണ്ടായി പോലുള്ള കമ്പനികള്‍ ഉത്സവ സീസണ് പ്രമാണിച്ച് അധിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി 1.29 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് ചില മോഡലുകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉറങ്ങിക്കിടന്നിരുന്ന വാഹന വിപണി സടകുടഞ്ഞ് എഴുന്നേല്ക്കുകയാണെന്ന സൂചനയാണ് സെപ്റ്റംബര്‍ 22-ലെ സ്ഥിതിവിശേഷം നല്‍കുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ വിപണിയില്‍ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. മുമ്പ് 2026 സാമ്പത്തിക വര്‍ഷത്തേക്ക് മുഴുവന്‍ 1-4 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ ജിഎസ് ടി ഘടനയുടെ പശ്ചാത്തലത്തില്‍ ഇത് 5-7 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. രാജ്യത്തെ യാത്രാവാഹന വിപണി നടപ്പുസാമ്പത്തിക വര്‍ഷം 8.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബല്‍ മൊബിലിറ്റിയുടെ അനുമാനം.
ഓഹരിവിപണിയിലും ആവേശം
വാഹന വിപണിയില്‍ തിങ്കളാഴ്ചയുണ്ടായ ആവേശം ഓഹരിവിപണിയിലും പ്രതിഫലിച്ചു. മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായി മോട്ടര്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്പ് എന്നിവയുടെ ഓഹരികള്‍ക്ക് ചൊവ്വാഴ്ച 5 ശതമാനം വരെ വില കൂടി.