റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ക്ഷാമം മൂലം നിര്‍ത്തിവെച്ച ചേതക് ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണം പുനരാരംഭിച്ച് ബജാജ് ഓട്ടോ. എല്ലാ ഡീലര്‍ഷിപ്പുകളിലേക്കും ചേതക് ഇവി സ്കൂട്ടറുകള് അയച്ചു തുടങ്ങിയെന്ന് കമ്പനി അറിയിച്ചു. ഇവി വാഹനങ്ങളിലെ അവിഭാജ്യ ഘടകമായ റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ക്ഷാമം കാരണം വലിയ പ്രതിസന്ധിയാണ് കമ്പനി കഴിഞ്ഞ ആഴ്ചകളില്‍ നേരിട്ടത്. പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ണ്ണ പ്രവര്‍ത്തന ശേഷി കൈവരിച്ചുവെന്ന് കമ്പനി സ്ഥിരീകരിച്ചു.
മാഗ്നറ്റുകളുടെ ക്ഷാമത്തിനൊപ്പം ഉപഭോക്താക്കളുടെ തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് ചേതക്കിന്റെ വിതരണ പ്രശ്നങ്ങള്‍ വര്‍ധിപ്പിച്ചെന്ന് ബജാജ് ഓട്ടോ പറയുന്നു. എന്നിരുന്നാലും വരാനിരിക്കുന്ന ഉത്സവ സീസണില്‍ ലഭ്യത ഉറപ്പാക്കുന്നതിന് റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെയും മറ്റ് പ്രധാന വസ്തുക്കളുടെയും വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു.
2020 ലാണ് ചേതകിന്റെ ഇലക്ട്രിക് വേര്‍ഷന്‍ ബജാജ് വിപണിയിലവതരിപ്പിച്ചത്. ജനപ്രിയ ഇവി സ്കൂട്ടറുകളിലൊന്നായി താമസിയാതെ ചേതക് ഇവി മാറി. കഴിഞ്ഞ ഏപ്രിലിന് ശേഷം ചേതകിന്റെ വിപണി പങ്കാളിത്തം ഇരട്ടിയായെന്ന് കമ്പനി പറയുന്നു.
താരിഫിനുള്ള തിരിച്ചടി
റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്ക്ക് ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായത്തെയാകെ ദോഷകരമായി ബാധിച്ചിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെയും ഗോഗോ ഇലക്ട്രിക് ത്രീവീലറിന്റെയും നിര്‍മ്മാണം പൂര്‍ണ്ണമായും നിര്‍ത്തേണ്ടി വന്നേക്കുമെന്ന് കമ്പനി എംഡി രാജീവ് ബജാജ് ജൂലൈയില്‍ പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്പര താരിഫ് നടപ്പിലാക്കിയതിനെത്തുടര്‍ന്നാണ് തിരിച്ചടിയായി ഇലക്ട്രിക് വാഹനങ്ങളുടെ അവശ്യ ഘടകമായ റെയര്‍ എര്‍ത്ത് മാഗ്നറ്റ് കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആഗോള വാഹന വ്യവസായ മേഖലയെയാകെ ബാധിക്കുന്ന തീരുമാനമായി ഇത് മാറി.
റെയര്‍ എര്‍ത്ത് രാജാവ്
റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ലോകത്തിലെ കുത്തക വിതരണക്കാരാണ് ചൈന. ഇലക്ട്രിക് വാഹനങ്ങള്‍, പരമ്പരാഗത ഇന്റേണണ്‍ കമ്പസ്റ്റിന്‍ എഞ്ചിനുകള്‍, വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, സൈനിക ഉപകരണങ്ങള്‍, എയ്റോസ്പേസ് സാങ്കേതികവിദ്യ, വ്യവസായ മേഖല എന്നിവയിലെല്ലാം ഇവ നിര്‍ണായകമാണ്.
ലോകത്തെ റെയര്‍ എര്‍ത്ത് മെറ്റല്‍ ശേഖരത്തിന്റെ ഏകദേശം 60-70% ചൈനയിലാണ്. ഇവയുടെ ഏറ്റവും വലിയ ഖനികളും ചൈനയാണ് നടത്തുന്നത്. ഇന്നര്‍ മംഗോളിയയിലെ ബയാന്‍ ഒബോ ഖനി ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയര്‍ എര്‍ത്ത് ഖനികളില്‍ ഒന്നാണ്. മറ്റു രാജ്യങ്ങളും ഈ ലോഹങ്ങള്‍ ഖനനം ചെയ്യുന്നുണ്ടെങ്കിലും ആഗോള തലത്തില്‍ റെയര്‍ എര്‍ത്ത് ലോഹ സംസ്കരണ ശേഷിയുടെ 85-90% ശതമാനം ചൈനയാണ് നിയന്ത്രിക്കുന്നത്.
റെയര്‍ എര്‍ത്ത് ഖനനവും ശുദ്ധീകരണവും സങ്കീര്‍ണ്ണവും പരിസ്ഥിതിക്ക് വെല്ലുവിളി നിറഞ്ഞതും ചെലവേറിയതുമാണ്. അതിനാലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ചൈന ഈ ലോഹങ്ങള്‍ ഖനനം ചെയ്യുകയും അവ ഉപയോഗിച്ച് ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധ മേഖല എന്നിവയ്ക്കുള്ള മാഗ്നറ്റുകള്‍, ഘടകങ്ങള്‍, അന്തിമ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്യുന്നു.