കേന്ദ്രം മുന്നോട്ടുവെച്ച ജിഎസ് ടി ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ വണ്ടികള്‍ക്ക് വില കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യത്ത് വാഹന വില്‍പ്പന മന്ദഗതിയിലാകുന്നു. നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ ഏറ്റവും പുതിയ ഡീലര്‍ ചാനല്‍ കണക്കുകള്‍ പ്രകാരം വാഹനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ വാഹന ബുക്കിംഗ് മന്ദഗതിയിലാണ്. ജിഎസ് ടി ഭേദഗതി നിലവില്‍ വന്നിട്ട് വാഹനം വാങ്ങാമെന്ന ചിന്തയിലാണ് പല ഉപഭോക്താക്കളും.
ഇരുചക്ര വാഹനങ്ങള്‍, യാത്രാവാഹനങ്ങള്‍, ട്രാക്ടര്‍ എന്നീ ശ്രേണികളിലുള്ള വാഹന ഡീലര്മാരെല്ലാം ബുക്കിംഗില്‍ കാര്യമായ കുറവുണ്ടായതായി സ്ഥിരീകരിക്കുന്നുണ്ട്. കേന്ദ്രം മുന്നോട്ടുവെച്ച ജിഎസ് ടി ഏകീകരണത്തെ കുറിച്ച് ബോധ്യമുള്ളതിനാല്‍ വാഹന മോഡലുകളെ കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വില്‍പ്പന നടക്കുന്നില്ല. ജിഎസ് ടി നിരക്ക് കുറഞ്ഞാല്‍ വാഹന വിലയിലും കുറവുണ്ടാകുമെന്നാണ് ഭൂരിഭാഗം ആളുകളും പ്രതീക്ഷിക്കുന്നത്. ഇതില്‍ വ്യക്തത ഉണ്ടാകുന്നത് വരെ വാഹനം വാങ്ങുന്നത് നീട്ടിവെക്കാനാണ് മിക്കവരുടെയും തീരുമാനം. ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് (FADA) ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ജിഎസ് ടിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം സമീപഭാവിയിലെ വാഹന ഡിമാന്‍ഡിനെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഇവരുടെ പരാതി.
ട്രാക്ടറിനും ഇരുചക്ര വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് ഉള്ള ഗ്രാമീണ മേഖലകളില്‍ ജിഎസ് ടി ഭേദഗതി സംബന്ധിച്ച അറിവ് പരിമിതമാണെങ്കിലും ഈ വാര്‍ത്ത അതിവേഗം പടരുന്നത വരും ആഴ്ചയില്‍ ഗ്രാമീണ മേഖലകളിലെ വാഹനവില്പ്പനയെയും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ജിഎസ് ടി നിരക്ക് ഇളവ് പ്രാബല്യത്തില്‍ വന്നാല്‍ അതിനുശേഷം പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് മാത്രമാണോ അതോ നിലവില്‍ ഡീലര്‍മാരുടെ പക്കലുള്ള വാഹനങ്ങള്‍ക്കും ആ ഇളവ് ലഭിക്കുമോയെന്ന ആശയക്കുഴപ്പവും ഡീലര്‍മാരെ വലയ്ക്കുന്നുണ്ട്. അത്തരത്തില്‍ പഴയ വാഹനങ്ങള്‍ക്കും ഇളവ് ലഭിച്ചാല്‍ അത് വില്‍പ്പനയ്ക്ക് നേട്ടമാകുമെന്നും ചിലര്‍ കരുതുന്നു.
അതേസമയം മീഡിയം, ഹെവി കൊമേഴ്സ്യല്‍ വിഭാഗത്തില്‍ വരുന്ന വാഹനങ്ങളുടെ വില്‍പ്പനയെ ജിഎസ് ടി ഭേദഗതി വാര്‍ത്ത കാര്യമായി ബാധിച്ചിട്ടില്ല.