2014–രാജ്യത്ത് നയമുരടിപ്പിന്റെയും വികസനസ്തംഭനത്തിന്റെയും പാരമ്യകാലമെന്ന് വിവിധ ആഭ്യന്തര, ആഗോള ഏജന്‍സികള്‍ വിധിയിട്ട വര്‍ഷം. അന്ന് കേവലം രണ്ട് മൊബൈല്‍ നിര്‍മാണ യൂണിറ്റുകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്…ഒരു ദശാബ്ദം പിന്നിട്ടു. 2025ല്‍ എത്തിനില്ക്കുമ്പോള് ഐഫോണുകളുടേതുള്പ്പടെ 300 മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.
1995 ജൂലൈ 31നാണ് ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒരു കോള്‍ ചെയ്യുന്നത്. അന്നതൊരു അത്യാഡംബരമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ അതിസാധാരണ ഉല്‍പ്പന്നമായി മാറി. കോംപ്രഹന്‍സീവ് മോഡുലാര്‍ സര്‍വേ: ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 15-29 വയസിനിടയില്‍ വരുന്ന 97 ശതമാനം പേരും മൊബൈല്‍ ഫോണുകള്‍ ദിനംപ്രതിയെന്നോണം ഉപയോഗിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 85 ശതമാനത്തിലധികം ഇന്ത്യന്‍ കുടുംബങ്ങളിലും കുറഞ്ഞത് ഒരു സ്മാര്‍ട്ട്ഫോണെങ്കിലും ഉപയോഗിക്കുന്നുണ്ട്. ബാങ്കിംഗ്, വിദ്യാഭ്യാസം, വിനോദം, സര്‍ക്കാര്‍ സേവനങ്ങളുടെ ലഭ്യത എന്നിവയ്ക്കുള്ള ഉപകരണമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെയും ഡിജിറ്റല്‍ ശാക്തീകരണത്തിന്റെയും ശക്തമായ ഒരു ചാലകമായി മൊബൈല്‍ കണക്റ്റിവിറ്റി മാറിയിരിക്കുന്നു.
ലോകത്തെ മൊബൈല്‍ ഫോണ്‍ വിപ്ലവം ഇന്ത്യയിലേക്കും പടര്‍ന്നതിന്റെ ഫലമാണിത്. എന്നാല്‍ ഇതിനെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മോദിണോമിക്സ് നയങ്ങള്‍ക്കും വ്യക്തമായ പങ്കുണ്ടെന്നത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്തുള്ള വസ്തുതയാണ്. 11 വര്‍ഷം മുമ്പ് രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണിയുടെ 78 ശതമാനവും ഇറക്കുമതി ആശ്രിതമായിരുന്നു. അതായത്, ചൈന ഉള്‍പ്പടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫോണുകളാണ് നമ്മള് വിറ്റിരുന്നത്. ഇന്നത് .02 ശതമാനമായി ഇടിഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ നിര്‍മാണ രാജ്യമായി ഇന്ത്യ മാറിയത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഒരു വികസ്വര രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരിവര്‍ത്തനം അസാധാരണവും അതിലുപരി വികസിത ഭാരതമെന്ന സ്വപ്നത്തിന് ആത്മവിശ്വാസം പകരുന്നതുമാണ്.
ഇലക്ട്രോണിക്സ് ഹബ്ബ്
ഇലക്ട്രോണിക്സ് മേഖലയിലും വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024-25ല്‍ 11.3 ലക്ഷം കോടി രൂപയിലേക്കാണ് ഇലക്ട്രോണിക്സ് നിര്‍മാണം ഉയര്‍ന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ആറ് മടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
ഇലക്ട്രോണിക്സ് മേഖലയിലെ ഉല്‍പ്പാദനം 2014-15ലെ 1.9 ലക്ഷം കോടിയില്‍ നിന്ന്് 11.3 ലക്ഷം കോടിയിലേക്ക് എത്തിയതെന്നതാണ് ശ്രദ്ധേയം. മൊബൈല്‍ ഫോണ്‍ കയറ്റുമതിയാകട്ടെ 2014-15ലെ 1,500 കോടി രൂപയില്‍ നിന്ന് 2024-25ല്‍ 2 ലക്ഷം കോടി രൂപയായി മാറി. അതായത് 127 മടങ്ങ് വളര്‍ച്ച.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തന്ത്രപ്രധാനമായ പദ്ധതികളും ശക്തമായ നയ പിന്തുണയുമാണ് ഈ കുതിപ്പിലേക്ക് നയിച്ചത്. ആഭ്യന്തര ഉല്‍പ്പാദനത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിനും കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിനും ആഗോള നിക്ഷേപത്തെ വലിയ തോതില്‍ ആകര്‍ഷിക്കുന്നതിനും ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായി.
വഴിത്തിരിവായ പദ്ധതികള്‍
ഉല്‍പ്പാദന ബന്ധിത ആനൂകല്യ പദ്ധതി (പിഎല്‍ഐ), ദേശീയ ഇലക്ട്രോണിക്സ് നയം (എന്‍പിഇ 2019), ഫെയ്സ്ഡ് മാനുഫാക്ച്ചറിംഗ് പ്രോഗ്രാം (പിഎംപി), ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന് (ഐഎസ്എം), മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ കേന്ദ്ര നയ, പരിപാടികളാണ് ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യയെ നയിച്ചത്. ആഭ്യന്തര തലത്തില്‍ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് കാര്യമായി ആനൂകല്യങ്ങള്‍ നല്കുന്ന പിഎല്‍ഐ പദ്ധതി വലിയ മാറ്റമാണുണ്ടാക്കിയത്. നയപരമായ പിന്തുണയുടെ ഫലമായി ആപ്പിളും സാംസംഗും ഉള്‍പ്പടെയുള്ള വമ്പന്മാര് തങ്ങളുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെയാണ് ഇപ്പോള്‍ കാണുന്നത്.
ലക്ഷ്യം 500 ബില്യണ്‍ ഡോളര്‍
2030-31 ആകുമ്പോഴേക്കും 500 ബില്യണ്‍ ഡോളറിന്റെ ആഭ്യന്തര ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ മുന്നേറ്റം. ദേശീയ ഇലക്ട്രോണിക്സ് നയം വിഭാവനം ചെയ്യുന്നതും ഇതാണ്. നിലവില്‍ ഈ മേഖലയിലെ കണക്കുകള്‍ ഇന്ത്യയുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നതുമാണ്. ശക്തമായ നയ പിന്തുണ, സാങ്കേതിക പുരോഗതി, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ എന്നീ ഘടകങ്ങള്‍ ചേര്‍ന്ന് കയറ്റുമതിയുടെ ക്വാണ്ടിറ്റിയും ക്വാളിറ്റിയും വലിയ തോതില്‍ മെച്ചപ്പെടുത്തി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഇലക്ട്രോണിക്സ് ഉല്‍പ്പാദനം 11.3 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ കയറ്റുമതി എട്ട് മടങ്ങ് വര്‍ധിച്ച് 38,000 കോടിയില്‍ നിന്ന് 3.27 ലക്ഷം കോടിയായി മാറി. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയിലേക്ക് 4 ബില്യണ്‍ ഡോളറിലധികം വിദേശ നിക്ഷേപമാണ് എത്തിയത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത അഞ്ച് രാജ്യങ്ങളുടെ പട്ടികയും ശ്രദ്ധേയമാണ്–യുഎസ്, യുഎഇ, നെതര്‍ലന്‍ഡ്സ്, യുകെ, ഇറ്റലി.

മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിലും നേരത്തെപ്പറഞ്ഞ പോലെ ഈ കുതിപ്പ് വളരെ സുവ്യക്തമായ രീതിയില്‍ പ്രകടമാണ്. 2014ലെ വെറും 2 യൂണിറ്റുകളില്‍ നിന്നാണ് 300 മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകളിലേക്ക് ഇന്ത്യ വളര്‍ന്നത്. മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം 2014-15ലെ 18,000 കോടിയില്‍ നിന്ന് 2024-25 ല്‍ 5.45 ലക്ഷം കോടിയായി ഉയര്‍ന്നു. 28 മടങ്ങാണ് വര്‍ധന. സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടതുള്പ്പടെയുള്ള വിവിധ കണക്കുകള്‍ പ്രകാരം ഏകദേശം 330 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ പ്രതിവര്‍ഷം രാജ്യത്ത് നിര്‍മ്മിക്കുന്നു. ഏകദേശം ഒരു ബില്യണ്‍ മൊബൈല്‍ ഫോണുകള്‍ രാജ്യമെമ്പാടും സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. കയറ്റുമതിയിലും ഇതിന്റെ പ്രതിഫലനമുണ്ട്. 2014-15ലെ 1,500 കോടി രൂപയില്‍ നിന്ന് 2 ലക്ഷം കോടി രൂപയായി 127 മടങ്ങ് വര്‍ധനയാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. ട്രംപാനന്തര ലോകത്ത് വിഖ്യാത യുഎസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ആപ്പിളിന് ഐഫോണ്‍ നിര്‍മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഗണ്യമായി മാറ്റേണ്ടി വന്നു. 2024ല്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതി റെക്കോര്‍ഡിട്ടു. 42% വാര്‍ഷിക വളര്‍ച്ചയോടെ 1 ലക്ഷം കോടി രൂപ കവിഞ്ഞ്, 1,10,989 കോടി രൂപയിലേക്കാണ് ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി എത്തിയത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ തന്നെ, സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 1 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 55% വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം 2025-26 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍, അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ചൈനയെ മറികടന്ന് ഒന്നാമതെത്താന്‍ ഇന്ത്യക്കായി എന്നതാണ്. ലോകത്ത് ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിര്‍മാതാക്കളും മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ചൈനയാണ്. സംരക്ഷണവാദവും ഏകാധിപത്യവും ട്രംപിന്റെ വിദേശ നയവുമെല്ലാം ചൈനയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയിലുള്ളത് ശുഭകരമായ ഭാവിയാണെന്നതില് തര്‍ക്കമില്ല. ചൈനയെപ്പോലുള്ള രാഷ്ട്രീയ, സൈനിക താല്‍പ്പര്യങ്ങള്‍ ആഗോള വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കില്ല എന്നതും നേട്ടം തന്നെയാണ്.




