മാതാപിതാക്കളുടെ വാര്‍ധക്യകാല പരിചരണത്തെക്കുറിച്ചുള്ള ചിന്തകള്‍ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റാനാവില്ല. ഡിമെന്‍ഷ്യ ബാധിച്ച് ഓര്‍മ്മകള്‍ മാഞ്ഞുപോകുന്നവര്‍, പൂര്‍ണ്ണമായും കിടപ്പിലായവര്‍, വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന പാലിയേറ്റീവ് കെയര്‍ രോഗികള്‍…ഇവരെ വീടുകളില്‍ പരിചരിക്കുന്നത് പല കുടുംബങ്ങള്‍ക്കും മാനസികമായും ശാരീരികമായും താങ്ങാവുന്നതിലും അപ്പുറമാണ്. ഇത്തരം ആളുകള്‍ക്ക് മുഴുവന്‍ സമയവും ശ്രദ്ധയും വൈദ്യസഹായവും വേണ്ടിവരുമ്പോള്‍, ജോലിത്തിരക്കുകളും മെഡിക്കല്‍ പരിജ്ഞാനക്കുറവും മൂലം പലരും നിസ്സഹായരാകുന്നു. സ്നേഹക്കുറവുകൊണ്ടല്ല, മറിച്ച് എങ്ങനെ മികച്ച പരിചരണം നല്‍കണമെന്ന അറിവില്ലായ്മ കൊണ്ടാണ് അവര്‍ പ്രൊഫഷണല്‍ സഹായം തേടുന്നത്. ഈ സാഹചര്യത്തിലാണ് കാന്‍കെയര്‍ പോലുള്ള സ്ഥാപനങ്ങള്‍ ഒരു ആശ്വാസമായി മാറുന്നത്. കൃത്യസമയത്തുള്ള മരുന്ന്, ഭക്ഷണം, വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മേല്‍നോട്ടം എന്നിവയിലൂടെ പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയുന്നു. ഇത് കുടുംബത്തിന് നല്കുന്ന മനസ്സമാധാനം ചെറുതല്ല. ഈയൊരു ആശ്വാസം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് കാന്‍കെയറിന്റെ സ്ഥാപക ഡോ. ബോബി സാറായുടെയും ദൗത്യം.
- ആവശ്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ദൗത്യം
- ഓരോ ഘട്ടത്തിനും അനുയോജ്യമായ പരിചരണം
- കാന്‍കെയറിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ (ബോക്സ് )
- മെഡിക്കല്‍ സേവനങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം
- വിശ്വാസയോഗ്യമായ പരിചരണം ഇന്നിന്റെ ആവശ്യകത
- ജീവനക്കാരെ നിലനിര്‍ത്തുന്നതിലെ വെല്ലുവിളി:
- സര്‍ക്കാര്‍ തലത്തിലുള്ള പിന്തുണയുടെ അഭാവം:
- ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്:
- കുടുംബങ്ങളുടെ സാമ്പത്തിക സമ്മര്‍ദ്ദം:
- കേരളത്തിലെ വാര്‍ധക്യ പരിചരണത്തില്‍ ഭാവി വാഗ്ദാനം
- English Summary
ആവശ്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ദൗത്യം
ഒരു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കാന്‍ അതിന്റെ സ്ഥാപകയുടെ കാഴ്ചപ്പാടുകളിലൂടെ സഞ്ചരിക്കണം. നിലവിലുള്ള വാര്‍ധക്യ പരിചരണ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചുള്ള ആഴത്തിലുള്ള തിരിച്ചറിവില്‍ നിന്നാണ് കാന്‍കെയര്‍ എന്ന ആശയം രൂപംകൊള്ളുന്നത്. 2018-ല്‍ ഡോ. ബോബി സാറ തോമസ് ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുമ്പോള്‍ അതിന് പിന്നില്‍ വ്യക്തമായ ചില കാരണങ്ങളുണ്ടായിരുന്നു.
ഡിമെന്‍ഷ്യ പോലുള്ള സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലുള്ളവരെയും രോഗങ്ങള്‍ മൂലം കിടപ്പിലായവരുമായ പ്രിയപ്പെട്ടവരെയും പരിചരിക്കാന്‍ കുടുംബങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അവര്‍ നേരിട്ട് മനസിലാക്കിയതാണ് ഈ സംരംഭത്തിന് വഴിയൊരുക്കിയത്. തന്റെ മെഡിക്കല്‍ സര്‍വീസിന്റെ ഭാഗമായി വീട്ടിലുള്ള കിടപ്പുരോഗികളെ ചികില്സിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഡോ. ബോബി സാറ രോഗികളുടെ വീടുകളില്‍ പോകുമായിരുന്നു. അത്തരത്തില്‍ ഒരിക്കല്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ കിടപ്പിലായ ഒരു രോഗി, മികച്ച പരിചരണം നല്കുന്ന ഒരു കേന്ദ്രം തുടങ്ങാമോ എന്ന് ഡോ. ബോബിയോട് ചോദിച്ചു. മക്കള്‍ വിദേശത്തായിരുന്ന, ഹോം നഴ്സിന്റെ പരിചരണത്തില്‍ വീട്ടില്‍ കഴിഞ്ഞിരുന്ന ആ സ്ത്രീയുടെ യൂറിന്‍ ട്യൂബ് പോലും കൃത്യമായി വൃത്തിയാക്കപ്പെട്ടിരുന്നില്ല. തീര്‍ത്തും നിസ്സഹായമായ അവസ്ഥയില്‍ അവര്‍ ചോദിച്ച സഹായമായിരുന്നു വാര്‍ദ്ധക്യകാല പരിചരണത്തിനായുള്ള ഒരിടം. ആ ചോദ്യം ഡോ. ബോബിയെ ഇരുത്തി ചിന്തിപ്പിച്ചു.
ഈ ഒരു ചോദ്യമാണ് കാന്‍കെയര്‍ എന്ന സ്ഥാപനത്തിന് 2018 ല്‍ ജന്മം നല്‍കിയത്. ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, ബാങ്ക് ലോണ്‍ ലഭിക്കുന്നതിനായി അതിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യേണ്ടിവന്നു. പാഷന്റെ പുറത്ത് തുടങ്ങിയ ഒരു ദൗത്യം പ്രായോഗിക ലോകത്തിന്റെ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു അത്. വെണ്ണലയില്‍ കേവലം 10 കിടക്കകളുമായി തുടങ്ങിയ എളിയ സംരംഭം, ഇന്ന് കേരളത്തിലെ വാര്‍ധക്യ പരിചരണ രംഗത്ത് ഒരു പുതിയ മാതൃകയായി വളര്‍ന്നിരിക്കുന്നു.
ഓരോ ഘട്ടത്തിനും അനുയോജ്യമായ പരിചരണം
കാന്‍കെയറിന്റെ പ്രവര്‍ത്തന മാതൃക തന്നെയാണ് ഈ സ്ഥാപനത്തെ സമാനമായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ചിട്ടയായ വളര്‍ച്ചയും ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്ത പ്രത്യേക കേന്ദ്രങ്ങളും ഇവരുടെ ദീര്‍ഘവീക്ഷണത്തിന് തെളിവാണ്. ഈ വൈവിധ്യവല്‍ക്കരണമാണ് അവരുടെ ‘ഇരട്ടി കരുതല്‍’ എന്ന തത്വത്തിന്റെ കാതല്‍. എല്ലാവര്ക്കും ഒരേപോലെയുള്ള പരിചരണമല്ല, മറിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ പ്രത്യേക ശ്രദ്ധ നല്‍കുക എന്നതാണ് ലക്ഷ്യം. അതവര് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നു.
വൃദ്ധരായ ആളുകള്‍ക്ക് വേണ്ട എല്ലാവിധ ശാരീരിക മാനസിക പരിചരണങ്ങളും ഇവിടെ ലഭിക്കുന്നു. ഒരു വ്യക്തിക്ക് ഒരു കെയര്‍ ടേക്കര്‍ എന്ന നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മാനസികവും ശാരീരികവുമായ വ്യായാമം, പരിചരണം, സൗഖ്യം എന്നിവ ഇവര്‍ ഉറപ്പാക്കുന്നു. നിലവില്‍ കാക്കനാട്, കങ്ങരപ്പടി, എളമക്കര തുടങ്ങി മൂന്ന് കേന്ദ്രങ്ങളിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 120 രോഗികളെ കിടത്തി പരിപാലിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. കൃത്യമായ ഭക്ഷണം, മരുന്ന്, മെഡിക്കല്‍ പരിചരണം എന്നിവ ഇവിടെ നിന്നും ലഭിക്കുന്നു.
സിംഗിള്‍ ഒക്കുപന്‍സി, ഡബിള്‍ ഒക്കുപന്‍സി, ട്രിപ്പിള്‍ ഒക്കുപന്‍സി റൂമുകള്‍, ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കുന്നതിനായുള്ള റൂമുകള്‍ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. മുറികളില്‍ ടിവി, എസി എന്നിവ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും ആവശ്യങ്ങളും വ്യത്യസ്തമാണെന്ന തിരിച്ചറിവില്‍ നിന്നാണ് കാന്‍കെയര്‍ മൂന്ന് കേന്ദ്രങ്ങളെയും വ്യത്യസ്ത തലങ്ങളിലുള്ള പരിചരണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും പാലിയേറ്റീവ് കെയര്‍/അവസാനഘട്ട പരിചരണം ആവശ്യമുള്ളവര്‍ക്കും വേണ്ടിയാണ് കാക്കനാട് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളുള്ളവരും എന്നാല്‍ നടക്കാന്‍ കഴിവുള്ളവരുമായ, മിതമായ സഹായം ആവശ്യമുള്ള അന്തേവാസികള്ക്കായിട്ടാണ് കങ്ങരപ്പടി, കളമശ്ശേരി ശാഖ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ സഹായം മാത്രം ആവശ്യമുള്ള സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രത്യേക യൂണിറ്റ് ആയിട്ടാണ് എളമക്കര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കാന്‍കെയറിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ (ബോക്സ് )
- * 2018: വെണ്ണലയില്‍ 10 കിടക്കകളുമായി തുടക്കം.
- * കളമശ്ശേരിയില്‍ 15 കിടക്കകളുള്ള യൂണിറ്റ് ആരംഭിച്ചു.
- * 2020: രണ്ട് യൂണിറ്റുകളും സംയോജിപ്പിച്ച് കാക്കനാട്ട് 50 കിടക്കകളുള്ള സൗകര്യമൊരുക്കി.
- * 2024: കങ്ങരപ്പടിയില്‍ 60 കിടക്കകളുള്ള പുതിയ കേന്ദ്രം തുറന്നു.
- * സമീപകാലത്ത്: എളമക്കരയില്‍ 30 കിടക്കകളുള്ള യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
- * നിലവില്‍: എല്ലാ കേന്ദ്രങ്ങളിലുമായി 140 കിടക്കകളുള്ള ഒരു ശൃംഖലയായി കാന്‍കെയര്‍ പ്രവര്‍ത്തിക്കുന്നു.
…………………………..
മെഡിക്കല്‍ സേവനങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം
മെമ്മറി കെയര്‍, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍, പാലിയേറ്റിവ് കെയര്‍, ട്രാന്സിഷന് കെയര്‍ തുടങ്ങി പ്രധാനമായും നാല് സേവന വിഭാഗങ്ങളിലാണ് കാന്‍കെയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ഥാപനത്തിലെ പരിചരണത്തിന് പുറമെ, ഡോക്ടറും നഴ്സും ഡ്രൈവറും അടങ്ങുന്ന മെഡിക്കല്‍ സംഘം വീടുകളിലെത്തി പരിശോധനകളും മറ്റ് സേവനങ്ങളും നല്കുന്ന ഹോം വിസിറ്റ് സൗകര്യവും കാന്‍കെയര്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സമഗ്രമായ സേവനങ്ങള്‍ നല്കുമ്പോഴും ഈ മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. റെസിഡന്റ് ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെ ജെറിയാട്രിക് കെയര്‍ വിഭാഗത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം കാന്‍കെയര്‍ ഒരുക്കിയിരിക്കുന്നു.
‘കേരളത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അവശ്യസേവന മേഖലകളില്‍ ഒന്നായി ജെറിയാട്രിക് കെയര്‍ മേഖല മാറും. കാരണം, നിലവില്‍ ജനസംഖ്യയുടെ നല്ലൊരു ശതമാനം വാര്‍ധക്യത്തിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. പരിചരണത്തിനായി മക്കള്‍ അടുത്തില്ലാത്ത അവസ്ഥയിലാണ് പലരും. മക്കളുടെ ജോലി, കരിയര്‍ ഇതെല്ലം പ്രധാനപ്പെട്ടവയാണെന്ന് അവര്‍ മനസിലാക്കുന്നു. മാത്രമല്ല, വാര്‍ധക്യത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കാതെ സ്വസ്ഥമായ ഒരന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ സ്വയം ഇത്തരം സര്‍വീസുകള്‍ തെരഞ്ഞെടുക്കുന്നു,” കാന്‍കെയര്‍ മെഡിക്കല്‍ ഡയറക്റ്ററും ജെറിയാട്രിക് കെയര്‍ വിദഗ്ധനുമായ ഡോ. അനീഷ് വി ഗോപിനാഥന് പറയുന്നു.
വിശ്വാസയോഗ്യമായ പരിചരണം ഇന്നിന്റെ ആവശ്യകത
”കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തില്‍, വാര്‍ധക്യ പരിചരണത്തിന് വലിയ സാധ്യതകളാണുള്ളത്. പ്രായമായവരുടെ എണ്ണവും അവരെ ആശ്രയിക്കുന്നവരുടെ തോതും വര്‍ധിക്കുന്നത് പ്രൊഫഷണല്‍ പരിചരണ കേന്ദ്രങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഈ അവസരങ്ങള്‍ക്കൊപ്പം നിരവധി വെല്ലുവിളികളെയും അതിജീവിക്കേണ്ടതുണ്ട്. ജീവനക്കാരെ നിലനിര്‍ത്തുന്നതിലെ വെല്ലുവിളിയാണ് അതില്‍ പ്രധാനം.” കാന്‍കെയറിന്റെ പ്രവര്‍ത്തനങ്ങളിലെ സാധ്യതകളും വെല്ലുവിളികളും വ്യക്തമാക്കുന്നു.
ജീവനക്കാരെ നിലനിര്‍ത്തുന്നതിലെ വെല്ലുവിളി:
പരിശീലനം ലഭിച്ച ഒരു സംഘത്തെ രൂപീകരിച്ച് നിലനിര്‍ത്തുക എന്നത് ശ്രമകരമാണ്. നഴ്സുമാരും കെയര്‍ഗിവര്‍മാരും മികച്ച പരിശീലനം നേടിക്കഴിയുമ്പോള്‍ കാനഡ, യുകെ പോലുള്ള വിദേശ രാജ്യങ്ങളിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലികളിലേക്ക് പോകുന്നത് പതിവാണ്. എന്നാല്‍ ഇതിനെ ഒരു അവസരമായി കാണാനാണ് ഡോ. ബോബി ശ്രമിക്കുന്നത്. ‘ഇവിടെ നില്ക്കുന്നവര് നമ്മുടെ രണ്ടു പേഷ്യന്റിനെ നോക്കുകയാണെങ്കില്‍ അതിന്റെ പ്രയോജനം അവര്‍ക്കാണ്. അവര്‍ക്ക് പരമാവധി പ്രോല്‍സാഹനം നല്കു. ഞാന്‍ തന്നെ അവര്‍ക്ക് റഫറന്‍സ് കൊടുക്കും,’ ഇത് ഡോ . ബോബി സാറ പറയുമ്പോള്‍ അതില്‍ തെളിയുന്നത് സ്ഥാപനത്തിന്റെ മനുഷ്യത്വപരമായ മുഖമാണ്.
സര്‍ക്കാര്‍ തലത്തിലുള്ള പിന്തുണയുടെ അഭാവം:
കെയര്‍ ഹോമുകള്‍ക്കായി ഒരു പ്രത്യേക രജിസ്ട്രേഷന് കാറ്റഗറി ഇല്ലാത്തതും നികുതിയിളവുകള്‍ ലഭ്യമല്ലാത്തതും വലിയ വെല്ലുവിളിയാണ്. സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധകമാകുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുന്നു. ഇത് സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും ദുര്‍ബലരായ കുടുംബങ്ങളെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കുന്ന വ്യവസ്ഥാപരമായ പരാജയമാണ്.ഇതേപ്പറ്റി ആരും തന്നെ ബോധവാന്മാരാകുന്നില്ല എന്നത് ഏറെ വിഷമകരമായ അവസ്ഥയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്:
അന്തേവാസികളുടെ എണ്ണം കുറവാണെങ്കിലും കെട്ടിട വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ നിശ്ചിത ചെലവുകള്‍ എപ്പോഴും ഒരുപോലെയായിരിക്കും. ഇത് സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രതയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്നു.ഒരു അന്തേവാസിക്ക് ഒരു കെയര്‍ടേക്കര്‍ എന്ന നിലയില്‍ വിന്യസിക്കുമ്പോഴും ചെലവ് വളരെ വലുതായി തുടരുന്നു.
കുടുംബങ്ങളുടെ സാമ്പത്തിക സമ്മര്‍ദ്ദം:
അന്തേവാസികളില്‍ ഭൂരിഭാഗവും ശരാശരി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരുമാനം നിലച്ചവരാണ്. പലര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകില്ല. അതിനാല്‍, പരിചരണത്തിനുള്ള മുഴുവന്‍ ചെലവും കുടുംബം സ്വന്തം കയ്യില്‍ നിന്ന് കണ്ടെത്തേണ്ടി വരുന്നത് വലിയ സാമ്പത്തിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ഒരു ഭാവി കാഴ്ചപ്പാടോടെയാണ് കാന്‍കെയര്‍ മുന്നോട്ട് പോകുന്നത്.
കേരളത്തിലെ വാര്‍ധക്യ പരിചരണത്തില്‍ ഭാവി വാഗ്ദാനം
ജീവിതത്തിന്റെ അവസാന നാളുകളില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ ഒരിടം ഒരുക്കുക എന്നതാണ് കാന്‍കെയറിന്റെ പ്രധാന ലക്ഷ്യം. മികച്ച പരിചരണം, നല്ല ഭക്ഷണം, സന്തോഷിക്കാനുള്ള അവസരങ്ങള്‍ എന്നിവ നല്കി അവരെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ഈ സ്ഥാപനം ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് 500 കിടക്കകളുള്ള ഒരു ശൃംഖലയായി മാറാനാണ് ഡോ. ബോബി സാറാ തോമസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
ഇതൊരു ബിസിനസ് വളര്‍ച്ച എന്നതിലുപരി, കേരളത്തിലുടനീളം വാര്‍ധക്യ പരിചരണത്തിനായി വിശ്വസനീയമായ ഒരു ‘ആവാസവ്യവസ്ഥ’ (Ecosystem) കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ഡോ. ബോബിയുടെ വാക്കുകളിലുള്ളത്. ‘വിഷമില്ലാത്ത നല്ല ഭക്ഷണം വേണമെങ്കില്‍ ആരെങ്കിലും ഓര്‍ഗാനിക് പച്ചക്കറി കൃഷി ചെയ്യണം. അല്ലെങ്കില്‍ നമുക്ക് വിഷമുള്ള പച്ചക്കറിയേ കിട്ടൂ. അതുപോലെ, ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോയാല്‍ പുതിയൊരു മാനദണ്ഡം സൃഷ്ടിക്കാനാകും. ഈ രംഗത്ത് പുതിയൊരു ഗുണനിലവാര അളവുകോല്‍ സ്ഥാപിക്കാനുള്ള ദൗത്യമാണിത്,’ ഡോ. ബോബി സാറ തോമസ് കൂട്ടിച്ചേര്‍ക്കുന്നു.
കാന്‍കെയര്‍ പോലുള്ള സ്ഥാപനങ്ങള്‍ വാര്ദ്ധക്യത്തോടുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ പുരോഗമനപരവും മനുഷ്യത്വപരവുമാക്കുന്നതിന്റെ വ്യക്തമായ തെളിവാണ്. വാര്‍ധക്യത്തില്‍ പ്രിയപ്പെട്ടവര്‍ ഒറ്റപ്പെടുകയല്ല, മറിച്ച് കൂടുതല്‍ ശാസ്ത്രീയവും സ്നേഹനിര്‍ഭരവുമായ ‘ഇരട്ടി കരുതലിന്റെ’ ലോകത്തേക്ക് എത്തുകയാണെന്ന് ഈ മാതൃക നമ്മെ ഓര്‍മ്മിപ്പിക്കുന്നു.




