യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ പ്രഖ്യാപിച്ച പിഴച്ചുങ്കം നിലവില്‍ വരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം. ബെഞ്ച് മാര്‍ക്ക് സൂചികകളും മിഡ് കാപ് സ്മോള്‍ കാപ് സൂചികകളും ഒരു ശതമാനത്തിലേറെ ഇടിഞ്ഞതോടെ നിക്ഷേപകരുടെ ആസ്തി ഒറ്റ ദിവസം കൊണ്ട് ഏകദേശം 6 ലക്ഷം കോടി രൂപ ഇടിഞ്ഞു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം തിങ്കളാഴ്ചത്തെ 455 ലക്ഷം കോടിയില്‍ നിന്ന് 449 ലക്ഷം കോടി രൂപയായി കുറഞ്ഞു.
സെന്‍സെക്സ് 849 പോയിന്റ് (1.04 ശതമാനം) ഇടിഞ്ഞ് 80,786.54 ല്‍ ക്ലോസ് ചെയ്തു. അതേസമയം നിഫ്റ്റി 50 256 പോയിന്റ് (1.02 ശതമാനം) നഷ്ടത്തില്‍ 24,712.05 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.34 ശതമാനവും 1.68 ശതമാനവും ഇടിഞ്ഞു.
താരിഫ് ഭീതി
യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് 50 ശതമാനം വരെ താരിഫ് ചുമത്താന്‍ യുഎസ് ഭരണകൂടം കരട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായത്. 2025 ഓഗസ്റ്റ് 27 ന് പുലര്‍ച്ചെ 12:01 ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച താരിഫ് പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പോസ്റ്റ് ചെയ്ത നോട്ടീസില്‍ പറയുന്നത്. ഉയര്‍ന്ന താരിഫ് നടപ്പാകുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. വിലക്കുറവില്‍ എവിടെ നിന്ന് എണ്ണ ലഭിച്ചാലും വാങ്ങുമെന്നും വ്യാപാര കരാറിനെക്കാള്‍ വലുതാണ് രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും താല്‍പ്പര്യങ്ങളെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ഇന്ത്യ വഴങ്ങില്ലെന്ന് യുഎസിന് ബോധ്യമായി. പിഴച്ചുങ്കവുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുന്നത് ഈ സാഹചര്യത്തിലാണ്.
‘യുഎസ് പിഴച്ചുങ്കത്തിന്റെ സമയപരിധി നാളെ അവസാനിക്കുമ്പോള്‍ ആഭ്യന്തര വിപണി വികാരം ജാഗ്രതയിലേക്ക് മാറി. ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും വിദേശ സ്ഥാപന നിക്ഷേപങ്ങളെ കൂടുതല്‍ ബാധിക്കുകയും ചെയ്തേക്കാം,’ ജിയോജിത് ഇന്‍വെസ്റ്റ്മെന്റിന്റെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ശ്രമങ്ങളെ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിഫ്റ്റി 50 സൂചികയില്‍ 41 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ശ്രീറാം ഫിനാന്‍സ് (4.03 ശതമാനം ഇടിവ്), സണ്‍ ഫാര്‍മ (3.35 ശതമാനം ഇടിവ്), ടാറ്റ സ്റ്റീല്‍ (2.87 ശതമാനം ഇടിവ്) എന്നിവ നഷ്ടക്കണക്കില്‍ മുന്‍നിരയില്‍ ഇടം പിടിച്ചു. ഐഷര്‍ മോട്ടോഴ്സ് (2.68 ശതമാനം), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (2.32 ശതമാനം), മാരുതി സുസുക്കി ഇന്ത്യ (1.85 ശതമാനം) എന്നിവ പ്രതികൂല കാലാവസ്ഥയിലും നേട്ടമുണ്ടാക്കി. ബിഎസ്ഇയില്‍ വ്യാപാരം നടന്ന 4,241 ഓഹരികളില്‍ 1,220 എണ്ണം മുന്നേറി, 2,891 എണ്ണം ഇടിഞ്ഞു. 130 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ജിഎസ്ടി പരിഷ്കാരങ്ങള്‍ വരുന്നതോടെ ഉപഭോഗം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍ നിഫ്റ്റി എഫ്എംസിജി (0.91 ശതമാനം) ഇന്നും നേട്ടത്തില്‍ തുടര്‍ന്നു. മറ്റെല്ലാ മേഖലാ സൂചികകളും ഗണ്യമായ നഷ്ടത്തോടെ അവസാനിച്ചു. നിഫ്റ്റി റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ്, ഹെല്‍ത്ത്കെയര്‍, പിഎസ്യു ബാങ്ക്, മെറ്റല്‍ സൂചികകള്‍ ഏകദേശം 2 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 1.25 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 1.35 ശതമാനം ഇടിഞ്ഞു.
52 ആഴ്ചയിലെ താഴ്ചയില്‍
പെട്രോനെറ്റ് എല്‍എന്‍ജി, ജിന്‍ഡാല്‍ സോ, ആവാസ് ഫിനാന്‍സിയേഴ്സ്, ഫൈവ്സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് എന്നിവയുള്‍പ്പെടെ 103 ഓഹരികള്‍ ബിഎസ്ഇയിലെ ഇന്‍ട്രാഡേ വ്യാപാരത്തില്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
52 ആഴ്ചയിലെ ഉയര്‍ച്ചയില്‍
മാരുതി സുസുക്കി ഇന്ത്യ, ഐഷര്‍ മോട്ടോഴ്സ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എസ്എന്‍ ഇകൊമേഴ്സ് വെഞ്ച്വേഴ്സ് (നൈക), യുഎന്‍ഒ മിന്‍ഡ എന്നിവ വിപണിയിലെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടിട്ടും 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ 101 ഓഹരികളില്‍ ഉള്‍പ്പെടുന്നു.
ശ്രദ്ധിക്കേണ്ട ലെവലുകള്‍
ചൊവ്വാഴ്ചത്തെ ഇടിവ് നിഫ്റ്റി 50 യെ നിര്‍ണായകമായ 50 ഡേ ഇഎംഎയ്ക്ക് താഴെയാക്കിയെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ പറഞ്ഞു. ആര്‍എസ്ഐ ഒരു ബെയറിഷ് ക്രോസ്ഓവറിലേക്ക് പ്രവേശിച്ചു. ഇത് ദുര്‍ബലമായ സ്ഥിതിയെയാണ് സിപ്പിക്കുന്നത്. ‘സൂചിക 24,850 ന് താഴെ വ്യാപാരം നടത്തുന്നിടത്തോളം വില്‍പ്പന സമ്മര്‍ദ്ദത്തില്‍ തുടരാന്‍ സാധ്യതയുണ്ട്. തിരുത്തല്‍ 24,150 വരെയോ അവിടെയും സപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ കൂടുതല്‍ താഴേക്കോ നീങ്ങാനുള്ള സാധ്യതയും ഡെ ചൂണ്ടിക്കാട്ടുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)