ലോകകപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷവും ടൂര്‍ണമെന്റില്‍ നിന്നുള്ള പണമൊഴുക്ക് അവസാനിക്കുന്നില്ല. ലോകകപ്പില്‍ കളിക്കാന്‍ താരങ്ങളെ വിട്ടുനല്‍കിയ ക്ലബ്ബുകള്‍ക്ക് 209 മില്യണ്‍ ഡോളര്‍ വിതരണം ചെയ്യാന്‍ ഫുട്ബോള്‍ സംഘടനയായ ഫിഫ തീരുമാനിച്ചു. 51 രാജ്യങ്ങളില്‍ നിന്നുള്ള 440 ക്ലബ്ബുകള്‍ക്കാണ് ഈ പ്രതിഫലത്തുക ലഭിക്കുക.
ലോകകപ്പില്‍ പങ്കെടുത്ത 837 കളിക്കാര്‍ക്ക് പ്രതിദിനം 10,950 ഡോളര്‍ വെച്ചാണ് ഫിഫ ക്ലബ്ബുകള്‍ക്ക് നല്‍കുക. ഓരോ ഫുട്ബോള്‍ കളിക്കാരനും എത്ര മിനിറ്റ് കളിക്കുന്നു എന്നത് പരിഗണിക്കാതെ എല്ലാവര്ക്കും ഒരേ തുകയാണ് നല്‍കുക. 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഒരു കളിക്കാരന് 8,530 ഡോളറാണ് ഫിഫ നല്‍കിയിരുന്നത്. തുലനം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രതിഫലത്തില്‍ ഉണ്ടായിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പ് വരെയുള്ള രണ്ട് വര്‍ഷങ്ങളില്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്കാണ് പണം വീതിക്കുക. ഇംഗ്ലണ്ട് ക്ലബ്ബുകള്‍ക്കാണ് ഏറ്റവും നേട്ടം. 46 ഇംഗ്ലീഷ് ക്ലബ്ബുകളില്‍ നിന്നുള്ള താരങ്ങള്‍ ലോകകപ്പില്‍ പങ്കെടുത്തിരുന്നു.
മൊത്തം 37,713,297 ഡോളറാണ് ഇംഗ്ലണ്ട് ക്ലബ്ബുകള്‍ക്ക് ലഭിക്കുക. സ്പെയിന്, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബ്ബുകളാണ് നേട്ടത്തില്‍ പിന്നാലെയുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത്, 45,96,445 ഡോളര്‍. 45,38,955 ഡോളറുമായി ബാഴ്സലോണ രണ്ടാമതും 43,31,809 ഡോളറുമായി ബയേണ്‍ മ്യൂണിക്ക് മൂന്നാമതുമുണ്ട്. ലോകകപ്പിന്റെ 2026, 2030 പതിപ്പുകളില്‍ ക്ലബ്ബുകള്‍ക്ക് നല്കുന്ന നഷ്ടപരിഹാര തുക വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. 355 മില്യണ്‍ ഡോളറാണ് ഈ ലോകകപ്പുകളില്‍ ക്ലബ്ബുകള്‍ക്ക് വിതരണം ചെയ്യുക.
പണമൊഴുകുന്ന കായിക വിനോദമാണ് ഫുട്ബോള്‍. ഫുട്ബോളിനെ ചുറ്റിപ്പറ്റി തഴച്ചു വളരുന്ന സ്പോര്‍ട്സ് സമ്പദ് വ്യവസ്ഥകള്‍ ലോകത്തിന്റെ ആകമാന വളര്‍ച്ചയ്ക്കും ഏറെ ഗുണകരമാവാറുണ്ട്. ഒരു സമ്പദ് വ്യവസ്ഥയായി കണക്കാക്കിയാല്‍ ലോകത്ത് 57 ാം സ്ഥാനമുണ്ട് ഫുട്ബോളിന്. ലോകമാകെ സൃഷ്ടിക്കുന്ന തൊഴിലുകള്‍ കണക്കിലെടുത്താല്‍ ലോകത്തെ വലിയ ബിസിനസുകളിലൊന്നാവും ഫുട്ബോള്‍. കളിക്കാരും ടീം ഒഫീഷ്യലുകളും മാത്രമല്ല, മൈതാനം പരിപാലിക്കുന്നവര്‍ മുതല്‍ റഫറിമാര്‍ വരെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്.
ടൂറിസം, ട്രാവല്‍, ഹോട്ടല്‍ തുടങ്ങി അനുബന്ധമായി ഗുണം കിട്ടുന്ന ബിസിസുകളും ഏറെ. ലോകകപ്പുകള്‍ക്കായി രാജ്യങ്ങള്‍ മല്‍സരിക്കുന്നതും ഈ വന്‍ സാമ്പത്തിക നേട്ടവും വികസനവും നോട്ടമിട്ടാണ്. 2022 ലോകകപ്പ് ഖത്തറിന് നല്കിയ വികസനക്കുതിപ്പ് ലോകത്തിന് മുന്നിലുണ്ട്. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പ് എക്കാലത്തെയും വലിയ സ്പോര്‍ട്സ് ബിസിനസ് ഇവന്റുകളിലൊന്നായിരുന്നു. 17 ബില്യണ്‍ ഡോളറാണ് ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകിയെത്തിയത്.
ഒരു സമ്പദ് വ്യവസ്ഥയായി കണക്കാക്കിയാല്‍ ലോകത്ത് 57 ാം സ്ഥാനമുണ്ട് ഫുട്ബോളിന്. ലോകമാകെ സൃഷ്ടിക്കുന്ന തൊഴിലുകള്‍ കണക്കിലെടുത്താല്‍ ലോകത്തെ വലിയ ബിസിനസുകളിലൊന്നാവും ഫുട്ബോള്‍. കളിക്കാരും ടീം ഒഫീഷ്യലുകളും മാത്രമല്ല, മൈതാനം പരിപാലിക്കുന്നവര്‍ മുതല്‍ റഫറിമാര്‍ വരെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്.