ഇന്ത്യയിലെ സമ്പന്നരുടെ ജീവിതത്തെ കുറിച്ചുള്ള മേഴ്സിഡെസ്-ബെന്‍സ് ഹുരുണ്‍ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ട് 2025 പുറത്തുവന്നപ്പോള്‍ കൗതുകമുണര്‍ത്തുന്ന നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതലുള്ള നഗരങ്ങള്‍, സമ്പന്നരുടെ ജീവിതശൈലി, അവര്‍ പണം ചിലവഴിക്കുന്ന രീതി അങ്ങനെ പല വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്ത് സമ്പന്നര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് മുംബൈ, ഡെല്‍ഹി, ബെംഗളൂരു നഗരങ്ങളിലാണ്. കൂട്ടത്തില്‍ മുമ്പില്‍ മുംബൈ തന്നെ. മുംബൈ നഗരത്തില്‍ മാത്രം 1.42 ലക്ഷം മില്യണയര്‍ കുടുംബങ്ങള്‍ ഉണ്ടത്രേ. ന്യൂഡെല്‍ഹിയില്‍ 68,200 മില്യണയര്‍ കുടുംബങ്ങളും ബെംഗളൂരുവില്‍ 31,600 മില്യണയര്‍ കുടുംബങ്ങളും ഉണ്ട്. ഹൈദരാബാദ്, പൂനൈ എന്നീ നഗരങ്ങള്‍ മില്യണയര്‍മാരുടെ പുതിയ താവളങ്ങളാണ്. കൂടാതെ അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളും ഇന്ത്യയില്‍ സമ്പന്നരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മൊത്തത്തില്‍ ഇന്ത്യയില്‍ 8,71,700 മില്യണയര്‍ (ആകെ കുടുംബങ്ങളുടെ 0.13%) കുടുംബങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ഓരോരുത്തര്‍ക്കും 8.5 കോടി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആസ്തിയുണ്ട്. ഏറ്റവും കൂടുതല്‍ മില്യണയര്‍മാര്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്, 1,78,600 മില്യണയര്‍ കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. രണ്ടാംസ്ഥാനത്ത് ഡെല്‍ഹിയും (79,800 കുടുംബങ്ങള്‍), മൂന്നാംസ്ഥാനത്ത് തമിഴ്നാടും (72,600), നാലാംസ്ഥാനത്ത് കര്‍ണ്ണാടകയും (68,800), അഞ്ചാംസ്ഥാനത്ത് ഗുജറാത്തുമാണ് (68,300).
ഒരു വര്‍ഷം കൊണ്ട് പതിനായിരക്കണക്കിന് മില്യണയര്‍മാര്‍
ഒരു വര്‍ഷത്തിനിടെ രാജ്യത്തെ മില്യണയര്‍മാരുടെ എണ്ണത്തില്‍ 80,000ത്തിന്റെ വര്‍ധനയുണ്ടായി. മില്യണയര്‍ കുടുംബങ്ങളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധിച്ചു. സമ്പന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ ക്രമേണയുള്ള വര്‍ധനയാണ് രാജ്യത്തുണ്ടാകുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച, ഓഹരി വിപണി മുന്നേറ്റം, വളരുന്ന സംരംഭകത്വം എന്നിവയാണ് ഇത് സൂചിപ്പിക്കുന്നത്. സമ്പത്ത് കുന്നുകൂടുന്ന ഒരു രാജ്യമെന്ന അവസ്ഥയില്‍ നിന്നും സമ്പത്ത് അനുഭവിക്കുന്ന രാജ്യമെന്ന നിലയിലേക്കാണ് രാജ്യത്തിന്റെ പോക്കെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന വരുമാനത്തിലുള്ള വര്‍ധനയിലൂടെ ഇന്ത്യയിലെ സമ്പന്നര്‍ പണം ചിലവഴിക്കുന്ന രീതികളിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ഉപഭോഗം, ആഡംബരം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലെല്ലാം വ്യത്യാസം വന്നിട്ടുണ്ട്. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആഗോളതലത്തില്‍ ശ്രദ്ധയും ലഭിക്കുന്നു.
സമ്പന്നരാണ്, സന്തോഷവുമുണ്ട്
സമ്പന്നര്‍ക്ക് സന്തോഷമുണ്ടാകില്ല എന്ന ഒരു പഴമൊഴി പലരും കേട്ടിട്ടുണ്ടാകും. എന്നാലത് ശരിയല്ല എന്നാണ് സമ്പന്നര്‍ പറയുന്നത്. 60 ശതമാനം സമ്പന്നരും 10 പോയിന്റുള്ള ഹാപ്പിനെസ്സ് സ്കെയിലില്‍ 8-ല്‍ കൂടുതല്‍ സന്തോഷം റേറ്റ് ചെയ്തു. 45 ശതമാനം സമ്പന്നര്‍ക്കും യാത്രയാണ് ഹോബി, വായന, പാചകം, യോഗ എന്നിവയില്ലെല്ലാം കമ്പമുള്ള സമ്പന്നര്‍ വളരെ അധികമാണ്. പരമ്പരാഗത മാധ്യമങ്ങളെ വിട്ട് സമ്പന്നര്‍ വാര്‍ത്ത അറിയാന്‍ വേണ്ടി സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.
നിക്ഷേപങ്ങള്‍
പുതിയതായി സമ്പന്ന പട്ടികയില്‍ ഇടം നേടിയവരില്‍ ഏറെയും സ്റ്റാര്‍ട്ടപ്പുകള്‍, യൂണികോണുകള്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ എന്നീ മേഖലകളില്ഡ നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. ഇന്ത്യയിലെ മില്യണയര്‍മാരില്‍ ഭൂരിഭാഗവും ഐടി, സാമ്പത്തിക സേവനങ്ങള്‍, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ ആദ്യമായി സംരംഭങ്ങള്‍ ആരംഭിച്ചവരാണ്. സമ്പന്നരുടെ പുതുതലമുറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സമൂഹത്തിന് നേട്ടമുണ്ടാകുന്ന നിക്ഷേപങ്ങളിലും സുസ്ഥിരതയിലും ഊന്നല്‍ നല്‍കുന്നുവെന്ന പ്രതീക്ഷാര്‍ഹമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.
ചിലവിടല്‍ എങ്ങനെ
ആഡംബര കാറുകള്‍ എക്കാലത്തും സമ്പന്നരെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഒന്നായി തുടരുന്നു. ശേഷം റിയല്‍ എസ്റ്റേറ്റ് (റിസോര്‍ട്ടുകള്‍, അവധിക്കാല വില്ലകള്‍, ഫാംഹൗസുകള്‍) എന്നിവയിലും വിദേശ യാത്രകളിലും ഫാഷന്‍, ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളിലും ടെക്നോളജിയിലും സമ്പന്നര്‍ പണം ചിലവിടുന്നു.
മില്യണയര്‍മാരില്‍ പകുതിപ്പേര്‍ക്കും ഒന്നിലധികം കാറുകളുണ്ട്. നിരവധിപേര്‍ മൂന്നുവര്‍ഷം മുതല്‍ ആറുവര്‍ഷം കൂടുമ്പോള്‍ കാറുകള്‍ മാറ്റുന്നു. 40 ശതമാനം ആളുകളാണ് 6 വര്‍ഷത്തില്‍ കൂടുതല്‍ ഒരേ കാര്‍ ഉപയോഗിക്കുന്നത്.
മില്യണയര്‍മാരില്‍ മൂന്നില്‍ ഒരു വിഭാഗം ആളുകളും മദ്യപിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന വിവരവും ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ടിലുണ്ട്.