നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) എന്നിവയിൽ പങ്കാളികളാകുന്ന പലരും ട്രേഡിംഗും ഇൻവെസ്റ്റിംഗും ഒരേ കാര്യമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഒരേ പ്ലാറ്റ്ഫോമുകളിലൂടെയും ആപ്പുകളിലൂടെയും ഒരേ ആസ്തികൾ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് പ്രധാനമായും ഈ ആശയക്കുഴപ്പം ഉണ്ടാകുന്നത്. എന്നാൽ ഇവ രണ്ടും വ്യത്യസ്തമായ സാമ്പത്തിക തത്വശാസ്ത്രങ്ങളാണ്. ഒരു ട്രേഡർക്കും ഇൻവെസ്റ്റർക്കും വിപണിയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്ത് തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തതയാണ്. ഈ രണ്ട് പാതകളെയും വേർതിരിക്കുന്ന ഏറ്റവും പ്രധാന ഘടകം ‘സമയം’ ആണ്.
ഹ്രസ്വകാലവും ദീർഘകാലവും
ട്രേഡിംഗ് എന്നത് ഓഹരികൾ ഏതാനും മിനിറ്റുകൾ, മണിക്കൂറുകൾ, ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ മാത്രം കൈവശം വയ്ക്കുന്നു. വിപണിയിലെ പെട്ടെന്നുള്ള അസ്ഥിരതയെ (Volatility) പ്രയോജനപ്പെടുത്തി ലാഭമുണ്ടാക്കുക എന്നതാണ്. ഇൻവെസ്റ്റിംഗ് വഴി ഓഹരികൾ വർഷങ്ങളോ പതിറ്റാണ്ടുകളോ കൈവശം വയ്ക്കുന്നു. കമ്പനിയുടെ ബിസിനസ്സ് വിപുലീകരണത്തിലൂടെയും മൂലധന വളർച്ചയിലൂടെയും സമ്പത്ത് വർദ്ധിപ്പിക്കാനാണ് നിക്ഷേപകർ ശ്രമിക്കുന്നത്. ട്രേഡിംഗിൽ ലാഭമുണ്ടാക്കാൻ സജീവമായ പരിശ്രമം ആവശ്യമാണെങ്കിൽ, ഇൻവെസ്റ്റിംഗിൽ ബയിങ് ആവറേജിലൂടെ സമ്പത്ത് വർധിപ്പിക്കാം. പലപ്പോഴും എസ്ഐപി വഴി നിക്ഷേപകന് മികച്ച ലാഭം ലഭിക്കുന്നത് ഇത്തരം ബയിങ് ആവറേജിലൂടെയാണ്.
സമയം നിക്ഷേപകന്റെ പക്ഷത്താണെന്നതാണ് ഇതിന്റെ ഗുണം.
ലക്ഷ്യവും രീതികളും
ട്രേഡർമാർ പ്രധാനമായും ‘ടെക്നിക്കൽ അനാലിസിസ്’ ആണ് ആശ്രയിക്കുന്നത്. ചാർട്ടുകൾ, പാറ്റേണുകൾ, ട്രേഡിംഗ് വോളിയം എന്നിവ നിരീക്ഷിച്ച് വിലയുടെ ചലനം മുൻകൂട്ടി കാണാൻ അവർ ശ്രമിക്കുന്നു. വിപണിയുടെ പെട്ടെന്നുള്ള വികാരങ്ങൾ മനസ്സിലാക്കി ലാഭം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം.ടെക്നിക്കൽ അനാലിസിസ് ശരിയായി ചെയ്യാൻ കഴിഞ്ഞാൽ അതാത് ദിവസത്തെ വിപണിയെ നിരീക്ഷിച്ച് അതാത് ദിവസം മികച്ച വരുമാനം നേടാൻ ട്രേഡർമാർക്ക് സാധിക്കും.
മറുഭാഗത്ത്, നിക്ഷേപകർ ‘ഫണ്ടമെന്റൽ അനാലിസിസ്’ രീതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രശസ്ത നിക്ഷേപകനായ വാറൻ ബഫറ്റ് വിഭാവനം ചെയ്തതുപോലെ, ഗുണനിലവാരമുള്ള ബിസിനസ്സുകൾ കണ്ടെത്തുകയും അവയുടെ മൂല്യം വിശകലനം ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്. കമ്പനിയുടെ മാനേജ്മെന്റ്, വരുമാന വളർച്ച, സാമ്പത്തിക ഭദ്രത എന്നിവയ്ക്കാണ് ഇവർ മുൻഗണന നൽകുന്നത്.
റിസ്കും അച്ചടക്കവും
ട്രേഡിംഗ് വേഗത്തിലുള്ള ലാഭത്തിന് അവസരമൊരുക്കുമെങ്കിലും അതിൽ അപകടസാധ്യത കൂടുതലാണ്. വൈകാരികമായ തീരുമാനങ്ങൾ വലിയ നഷ്ടത്തിന് കാരണമായേക്കാം എന്നതിനാൽ, ട്രേഡർമാർ ‘സ്റ്റോപ്പ്-ലോസ്’ പോലുള്ള റിസ്ക് മാനേജ്മെന്റ് ടെക്നിക്കൽ രീതികൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. നിരന്തരമായ വിപണി നിരീക്ഷണം ഇതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ദീർഘകാല നിക്ഷേപത്തിന് ക്ഷമയും ദൃഢനിശ്ചയവുമാണ് വേണ്ടത്. വിപണിയിലെ താൽക്കാലിക തിരുത്തലുകളിൽ പരിഭ്രമിക്കാതെ ഓഹരികൾ കൈവശം വയ്ക്കാൻ നിക്ഷേപകന് സാധിക്കണം. ചരിത്രപരമായി നോക്കിയാൽ, NIFTY 50, SENSEX തുടങ്ങിയ സൂചികകൾ പലതവണ തകർച്ചകൾ നേരിട്ടിട്ടുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയിട്ടുണ്ട്. അച്ചടക്കത്തോടെയുള്ള ഈ സമീപനം ചെലവുകളുടെ കാര്യത്തിലും നിക്ഷേപകന് ഗുണകരമാകാറുണ്ട്.
ലാഭത്തെ ബാധിക്കുന്ന ഘടകങ്ങൾ
ഇടപാടുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ട്രേഡിംഗിൽ ബ്രോക്കറേജ് നിരക്കുകളും മറ്റ് ഇടപാട് ചിലവുകളും വർദ്ധിക്കുന്നു. കൂടാതെ, ഹ്രസ്വകാല മൂലധന നേട്ട നികുതിയും (STCG) ലാഭത്തിന്റെ വിഹിതം കുറയ്ക്കുന്നു. നേരെമറിച്ച്, ഇൻവെസ്റ്റിംഗിൽ ഇടപാടുകൾ കുറവായതിനാൽ ചിലവുകൾ പരിമിതമാണ്. കൂടാതെ, ദീർഘകാല മൂലധന നേട്ട നികുതിയുടെ (LTCG) ആനുകൂല്യങ്ങൾ സമ്പത്ത് വർധിപ്പിക്കാൻ നിക്ഷേപകനെ സഹായിക്കുന്നു. ഈ സാമ്പത്തിക വശങ്ങൾ പരിഗണിക്കുന്നത് ശരിയായ പാത തിരഞ്ഞെടുക്കുന്നതിൽ നിർണ്ണായകമാണ്.
ശരിയായ പാത തിരഞ്ഞെടുക്കാം
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്ക് എടുക്കാനുള്ള ശേഷി, വിപണിക്കായി മാറ്റിവെക്കാൻ കഴിയുന്ന സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ട്രേഡിംഗ് വേണോ ഇൻവെസ്റ്റിംഗ് വേണോ എന്ന് തീരുമാനിക്കേണ്ടത്. ഇവ രണ്ടും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല. മൂലധനത്തിന്റെ ഒരു വലിയ ഭാഗം ദീർഘകാല നിക്ഷേപത്തിനായി മാറ്റിവെക്കുകയും, ചെറിയൊരു ഭാഗം ഉപയോഗിച്ച് തന്ത്രപരമായ ട്രേഡിംഗ് നടത്തുകയും ചെയ്യുന്ന രീതി പലരും പിന്തുടരുന്നുണ്ട്. ഏത് പാത തിരഞ്ഞെടുത്താലും, കൃത്യമായ ലക്ഷ്യബോധവും അച്ചടക്കവും അറിവും ഉണ്ടെങ്കിൽ മാത്രമേ ഓഹരി വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കാൻ സാധിക്കൂ.
ലേഖിക: അനു സോമരാജൻ , പാൻജിയാഫിൻ വെൽത്ത് മാനേജ്മെന്റ് സർവീസസ് മാനേജിങ് ഡയറക്റ്ററും സാമ്പത്തിക കാര്യവിദഗ്ധയുമാണ് ലേഖിക




