യുപിഐ പേമെന്റുകളുടെ പണമിടപാട് പരിധി ഉയര്‍ത്തിയ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) തീരുമാനങ്ങള്‍ നിലവില്‍ വന്നു. പണമിടപാട് പരിധി ഉയര്‍ത്തിയ നടപടി ദൈനംദിന ഉപയോക്താക്കള്‍ക്കും ഇടപാടുകള്‍ക്കായി യുപിഐയെ ഗണ്യമായി ആശ്രയിക്കുന്ന വ്യാപാരികള്‍ക്കും ബിസിനസുകള്‍ക്കും ഗുണം ചെയ്യുന്നതാണ്.
ഇന്‍ഷുറന്‍സ് പ്രീമിയം, മൂലധന വിപണികള്‍ (ഓഹരി, കടപ്പത്രങ്ങള്‍) തുടങ്ങി ചില പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഒറ്റത്തവണയായി 5 ലക്ഷം രൂപ വരെ ഈ വിഭാഗങ്ങളില്‍ കൈമാറ്റം ചെയ്യാം. ഈ വിഭാഗങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപ വരെ ഇടപാട് നടത്താനും യുപിഐ ഉപയോക്താക്കള്‍ക്ക് അനുവാദമുണ്ടാകും.
മറ്റ് 12 വിഭാഗങ്ങള്‍ക്കുള്ള ദൈനംദിന ഇടപാട് പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഉയര്‍ന്ന മൂല്യമുള്ള പേയ്മെന്റുകള്‍ നടത്താന്‍ സഹായകരമാണ്. എന്നിരുന്നാലും വ്യക്തികള്‍ തമ്മിലുള്ള യുപിഐ കൈമാറ്റ പരിധി ഒരു ലക്ഷം രൂപയായിത്തന്നെ നിലനിര്‍ത്തി.
ആഭരണങ്ങള്‍ക്ക് നിയന്ത്രണം
ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കും ആഭരണങ്ങള്‍ വാങ്ങാനും ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപ വരെ യുപിഐ വഴി ചെലവാക്കാം. എന്നാല്‍ ഇവയ്ക്കുള്ള പ്രതിദിന ഇടപാട് പരിധി 6 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ബിസിനസുകള്‍ക്ക് പരിധിയില്ല
ബിസിനസ്, മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് ഇടപാട് പരിധി ഒരു ഇടപാടിന് 5 ലക്ഷം രൂപയാണ്. പ്രതിദിന പരിധി ഇതിന് നിശ്ചയിച്ചിട്ടില്ല. ഇത് ബിസിനസുകള്‍ക്ക് ഏറെ ആശ്വാസകരമാണ്.
ഹിറ്റായി യുപിഐ
ഇന്ത്യയിലുടനീളം യുപിഐയുടെ വന്‍ വളര്‍ച്ചയും സ്വീകാര്യതയും വ്യക്തമാക്കുന്നതാണ് എന്‍പിസിഐ നിശ്ചയിച്ച പുതിയ പരിധികള്‍. തുടക്കത്തില്‍ ചെറിയ ദൈനംദിന പേയ്മെന്റുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരുന്ന യുപിഐ ഇപ്പോള്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും പ്രിയങ്കരമായ രീതിയായി മാറിയിരിക്കുന്നു. ഇത് രാജ്യത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തില്‍ യുപിഐയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നു.