2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അവസാന തിയതി 2025 സെപ്റ്റംബര്‍ 15 ആണ്. അന്തിമ തിയതി അടുത്തതോടെ ആദായ നികുതി ഫയല്‍ ചെയ്യാനും തിരക്കേറിയിട്ടുണ്ട്. സെപ്റ്റംബര്‍ 15 എന്ന തിയതിക്കകം ആദായ നികുതി ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും. സമയപരിധി പാലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നതാണ് വാസ്തവം.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എ പ്രകാരം നിശ്ചിത തിയതിക്ക് ശേഷമുള്ള ഫയലിംഗിന് ആദായനികുതി വകുപ്പ് പിഴ ചുമത്തും. നികുതിദായകന്റെ വരുമാന നിലവാരമനുസരിച്ചാണ് പിഴ ഈടാക്കുക. ആകെ വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 5,000 രൂപ പിഴ അടയ്ക്കണം. മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍, പിഴ 1,000 രൂപ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇനി വരുമാനം നികുതി നല്‍കേണ്ട പരിധിക്ക് താഴെയാണെങ്കില്‍ പിഴ ബാധകമല്ല.
നികുതിയിനത്തില്‍ എന്തെങ്കിലും കുടിശ്ശികയുണ്ടെങ്കില്‍ സമയപരിധി പാലിച്ചില്ലെങ്കില്‍, സെക്ഷന്‍ 234എ പ്രകാരം, കുടിശ്ശികയുള്ള നികുതി തുകയില്‍ പ്രതിമാസം 1% പലിശ നല്‍കേണ്ടിവരും. ഇത് പിഴത്തുകയ്ക്ക് പുറമേയാണ്.
ആനുകൂല്യങ്ങളുടെ നഷ്ടം
നിങ്ങള്‍ക്ക് 2025 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ്സ് നഷ്ടങ്ങളോ മൂലധന നഷ്ടങ്ങളോ (ഉദാഹരണത്തിന്, സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗില്‍ നിന്ന്) സംഭവിച്ചെന്നിരിക്കട്ടെ. വരും വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ നികത്താന്‍ നിങ്ങള്‍ക്ക് അവ മുന്നോട്ട് കൊണ്ടുപോകാന്‍ (കാരി ഫോര്‍വേഡ്) കഴിയും. എന്നാല്‍ നിശ്ചിത തിയതിക്ക് മുമ്പ് നിങ്ങളുടെ ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഈ ആനുകൂല്യം ലഭിക്കില്ല.
റീഫണ്ടുകള്‍ വൈകും
നിങ്ങള്‍ക്ക് റീഫണ്ട് ലഭിക്കേണ്ട സമയമാണെങ്കില്‍ പോലും, സമയപരിധിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യുന്നത് ഇതിന്റെ പ്രോസസിംഗ് മന്ദഗതിയിലാക്കുന്നു. വൈകി ഫയല്‍ ചെയ്ത റീഫണ്ടുകള്‍ ക്രെഡിറ്റ് ചെയ്യാന്‍ മാസങ്ങള്‍ എടുത്തേക്കാം.
ഗുരുതരമായ കേസുകളില്‍ നടപടി
നികുതിദായകര്‍ മനഃപൂര്‍വ്വം ഫയലിംഗില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേസുകളില്‍, ആദായനികുതി വകുപ്പിന് നിയമ നടപടി ആരംഭിക്കാന്‍ അധികാരമുണ്ട്. ഇത് അപൂര്‍വമായി മാത്രം എടുക്കുന്ന നടപടിയാണ്. സാധാരണയായി വളരെ ഉയര്‍ന്ന വരുമാനം, കള്ളപ്പണം, വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കേസുകള്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ വീഴ്ച മനഃപൂര്‍വ്വമാണെങ്കില്‍ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാം.
സമയപരിധിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യാമോ?
നിശ്ചിത സമയപരിധിക്ക് ശേഷവും ഐടിആര്‍ ഫയല്‍ ചെയ്യാം. 2025 ഡിസംബര്‍ 31 വരെ ഇത്തരത്തില്‍ വൈകി റിട്ടേണ്‍ ഫയല്‍ ചെയ്യാം. എന്നിരുന്നാലും, മുകളില്‍ സൂചിപ്പിച്ച നിയന്ത്രണങ്ങളും ഇതിന് ബാധകമാണ്. വൈകി നികുതി ഫയല്‍ ചെയ്യുന്നവരെ ആദായ നികുതി വകുപ്പ് കൂടുതല്‍ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും.
സമയപരിധി നീട്ടുമോ?
ജിഎസ്ടി പരിഷ്കാരങ്ങളുടെയും ആദായ നികുതി പോര്‍ട്ടലിലെ സാങ്കേതിക തകരാറുകളുടെയും പശ്ചാത്തലത്തില്‍ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഫയലിംഗ് സിസ്റ്റത്തില്‍ കാര്യമായ സാങ്കേതിക തകരാറുകള്‍ ഇല്ലെങ്കില്‍ ഈ വര്‍ഷം കാലാവധി നീട്ടാന്‍ സാധ്യതയില്ലെന്ന് ആദായ നികുതി വകുപ്പ് സൂചിപ്പിക്കുന്നു.