വിവാഹശേഷം ഭർതൃവീട്ടിൽ താമസിക്കുന്ന ഒരു സ്ത്രീയെ ഭർത്താവോ ഭർതൃവീട്ടുകാരോ ഇറക്കിവിടുവാൻ ശ്രമിച്ചാൽ, നിയമം ആ സ്ത്രീക്ക് പൂർണ്ണമായ സംരക്ഷണവും അവിടെ താമസിക്കാനുള്ള അവകാശവും നൽകുന്നുണ്ട്. ഇന്ത്യയിലെ ഗാർഹിക പീഡന നിരോധന നിയമം പ്രകാരം ഒരു സ്ത്രീക്ക് താൻ ജീവിക്കുന്ന വീട് സ്വന്തം പേരിലോ ഭർത്താവിന്റെ പേരിലോ അല്ലെങ്കിലും അവിടെ തങ്ങാനുള്ള നിയമപരമായ അവകാശമുണ്ട് .
നിയമവിരുദ്ധം
കുടുംബത്തിൽ പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടാകുമ്പോൾ സ്ത്രീയെ ബലമായി വീട്ടിൽ നിന്ന് ഇറക്കിവിടുന്നത് നിയമവിരുദ്ധമാണ്. ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തിയാലോ ബലമായി ഇറക്കിവിട്ടാലോ സ്ത്രീക്ക് അടുത്തുള്ള കോടതിയെയോ ഗാർഹിക പീഡന പ്രതിരോധ ഓഫീസറെയോ സമീപിക്കാം. കോടതി ഇടപെട്ട് സ്ത്രീക്ക് അതേ വീട്ടിൽ തന്നെ സുരക്ഷിതമായി താമസിക്കാനുള്ള ഉത്തരവോ അല്ലെങ്കിൽ ഭർത്താവിന്റെ ചിലവിൽ മറ്റ് താമസസൗകര്യമോ ഉറപ്പാക്കി നൽകും.
വനിതാ ഹെല്പ് ലൈൻ
കൂടാതെ, സ്ത്രീയുടെ അനുവാദമില്ലാതെ വീടിന്റെ പൂട്ട് മാറ്റുന്നതോ, ഭക്ഷണവും വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നതോ, സ്ത്രീ ഉപയോഗിക്കുന്ന മുറി പൂട്ടുന്നതോ എല്ലാം ശിക്ഷാർഹമായ കുറ്റങ്ങളാണ്. ഇത്തരത്തിലുള്ള ഗാർഹിക പീഡനങ്ങൾ നേരിടേണ്ടി വന്നാൽ സ്ത്രീകൾക്ക് 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൗജന്യമായി പരാതി നൽകി അടിയന്തിര സഹായം തേടാവുന്നതാണ്.
വൈദ്യ സഹായം വരെ ലഭിക്കും
ഇന്ത്യയിലെ സ്ത്രീകൾക്ക് അടിയന്തിര ഘട്ടങ്ങളിലും ബുദ്ധിമുട്ടുകളിലും സഹായം നൽകുന്നതിനായി പ്രവർത്തിക്കുന്ന സൗജന്യ, 24 മണിക്കൂർ ഹെൽപ്പ് ലൈൻ സംവിധാനമാണ് 181. ഗാർഹിക പീഡനം, ലൈംഗിക അതിക്രമങ്ങൾ, ഭീഷണി, മാനസിക പീഡനം അല്ലെങ്കിൽ ഓൺലൈൻ വഴിയുള്ള ശല്യപ്പെടുത്തലുകൾ എന്നിവ നേരിടുന്ന ഏതൊരു സ്ത്രീക്കും ഈ നമ്പറിലേക്ക് വിളിക്കാം. അടിയന്തിര സാഹചര്യങ്ങളിൽ പോലീസിന്റെ നേരിട്ടുള്ള സഹായം സ്ഥലത്തെത്തിക്കാനും, വൈദ്യസഹായം ഉറപ്പാക്കാനും, താൽക്കാലികമായി സുരക്ഷിതമായി തങ്ങാൻ ഷെൽട്ടർ ഹോമുകൾ ലഭ്യമാക്കാനും ഈ ഹെൽപ്പ് ലൈൻ വഴി സാധിക്കും.
കൗണ്സലിംഗ് സേവനങ്ങൾ
അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് പുറമെ, സ്ത്രീകൾക്ക് ആവശ്യമായ നിയമോപദേശങ്ങളും മനഃശാസ്ത്രപരമായ കൗൺസിലിംഗും ഈ നമ്പറിലൂടെ സൗജന്യമായി ലഭിക്കും. കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡന പരാതികൾ എന്നിവയിൽ എന്ത് നിയമനടപടി സ്വീകരിക്കണം എന്നറിയാതെ വിഷമിക്കുന്നവർക്ക് കൃത്യമായ വഴികാട്ടിയായി 181 പ്രവർത്തിക്കുന്നു. വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിച്ചുകൊണ്ട്, ബന്ധപ്പെട്ട വൺ സ്റ്റോപ്പ് സെന്ററുകൾ , ലീഗൽ സർവീസ് അതോറിറ്റി എന്നിവരുമായി ബന്ധിപ്പിച്ച് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ ഈ ഹെൽപ്പ് ലൈൻ സഹായിക്കും.




