ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിന്റെ പൂനെ സോണല്‍ യൂണിറ്റില്‍ നിന്ന് 401.7 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്ചത്തെ റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ചാര്‍ജായി കമ്പനി പിരിച്ചെടുത്ത പണത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കാത്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
2019 ഒക്ടോബര്‍ 29 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും സഹിതം 401,70,14,706 രൂപയുടെ നികുതി ബാധ്യത വരുത്തിയതിന് കാരണം ബോധിപ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ചാര്‍ജായി കമ്പനി പിരിച്ചെടുത്ത പണത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കാത്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്
ഡെലിവറി പങ്കാളികള്‍ക്ക് വേണ്ടി ശേഖരിച്ച തുകയാണിതെന്നും ഡെലിവറി ചാര്‍ജുകള്‍ക്ക് ഒരു നികുതിയും നല്‍കേണ്ടതില്ലെന്നും കമ്പനി അവകാശപ്പെട്ടു. കാരണം കാണിക്കല്‍ നോട്ടീസിന് സൊമാറ്റോ ‘ഉചിതമായ പ്രതികരണം’ ഫയല്‍ ചെയ്യുമെന്നും കമ്പനി പറഞ്ഞു.
”പരസ്പര സമ്മതത്തോടെയുള്ള കരാര്‍ വ്യവസ്ഥകള്‍ക്കനുസരിച്ച്, ഡെലിവറി പങ്കാളികള്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്, അല്ലാതെ കമ്പനിക്കല്ല,” സൊമാറ്റോ പറയുന്നു.
2022 ജനുവരി 1 മുതല്‍, ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള് നല്കുന്ന ഓര്‍ഡറുകള്‍ക്ക് റെസ്റ്റോറന്റുകളില്‍ നിന്ന് ജിഎസ്ടി ശേഖരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. എന്നാല്‍, ഡെലിവറി ഫീസിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.