സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വിദ്യാര്‍ഥികളടക്കമുള്ള യുവസമൂഹം പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് ഡെ. കമ്മീഷണര്‍ അരുണ്‍ കെ പവിത്രന് പറഞ്ഞു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ച് കൗണ്‍സില്‍(എന്‍സിഎസ്ആര്‍സി) യുഎല്‍ സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച ദേശീയ സൈബര്‍ സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബര്‍സുരക്ഷയെന്നാല്‍ രാജ്യസുരക്ഷ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 17 സൈബര്‍സുരക്ഷാ ഹോട്സ്പോട്ടില് കോഴിക്കോട് ഉള്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ സൈബര്‍സുരക്ഷ സംബന്ധിച്ച് വിജ്ഞാനപ്രദമായ കോണ്‍ഫറന്‍സ് കോഴിക്കോട് നടക്കുന്നത് ഏറെ പ്രധാനമാണ്. സാങ്കേതികത്വത്തില്‍ കുറ്റവാളികളേക്കാള്‍ ഒരു പിടി മുന്നില്‍ നില്ക്കുകയെന്നതാണ് പോലീസിന്റെ വെല്ലുവിളി. ഇത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇത്തരം ബോധവത്കരണ പരിപാടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങള്‍ വീഴ്ചകള്‍ എന്നിവ കണ്ടെത്താന്‍ ഇന്നത്തെ യുവതലമുറയ്ക്ക് കഴിയും. കേരള പോലീസിന്റെ സൈബര്‍ഡോം വഴി ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനും കഴിയുമെന്ന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള പോലീസിന്റെ സൈബര്‍സെക്യൂരിറ്റി ഡോം രാജ്യത്തിനാകെ മാതൃകയാണെന്ന് എന്‍സിഎസ്ആര്‍സി ദേശീയ ഡയറക്ടര്‍ ഡോ. ഇ ഖലീരാജ് പറഞ്ഞു. സൈബര്‍ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധം തീര്‍ക്കാന്‍ വ്യവസായലോകത്തിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.