ലോകോത്തര റിസോർട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച സന്താരി പേൾ ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേറിട്ട മാതൃകയാകുന്നു. വനിതാ കൂട്ടായ്മയായ കുടുംബശ്രീയുമായി സഹകരിച്ച് പ്രാദേശിക വിപണനത്തിന് കരുത്തുപകരുന്ന പദ്ധതി എട്ടു വർഷങ്ങൾ പിന്നിടുകയാണ്. കമ്മ്യൂണിറ്റി, കൊളാബൊറേഷൻ, കൺസർവേഷൻ (3C’s) എന്ന അടിസ്ഥാന തത്വങ്ങൾ മുൻനിർത്തി ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക വനിതകളുടെ ഉപജീവനത്തിന് കൈത്താങ്ങാവുകയാണ് ഈ പദ്ധതി.
2018ലാണ് സന്താരി പേൾ -കുടുംബശ്രീ കൂട്ടുകെട്ട് ആരംഭിച്ചത്. മാസം തോറും ശരാശരി 60 കിലോയോളം പുട്ടുപൊടി, അപ്പപ്പൊടി, അരിപ്പൊടി തുടങ്ങിയ വിഭവങ്ങൾ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് റിസോർട്ട് നേരിട്ട് ശേഖരിക്കുന്നുണ്ട്. ടൂറിസം മേഖലയിലൂടെ വനിതാ ചെറുകിട സംരംഭങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു മികച്ച മാതൃകയായി ഈ പങ്കാളിത്തം ഇതിനകം മാറിയിട്ടുണ്ട്.
“കുടുംബശ്രീയുമായുള്ള നീണ്ട എട്ടുവർഷത്തെ സഹകരണം വലിയൊരു മുതൽക്കൂട്ടാണ്. ടൂറിസം മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്ത്രീ സംരംഭകർക്ക് സ്ഥിരമായ വരുമാന മാർഗം സൃഷ്ടിക്കുകയാണ് ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്”, സന്താരി റിസോർട്ട്സ് ചീഫ് എക്സ്പീരിയൻസ് ഓഫീസർ അരവിന്ദ് ഗംഗാധരൻ പറഞ്ഞു. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത്. ഇതിലൂടെ നാട്ടിൻപുറങ്ങളിലെ തനത് വിഭവങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും മുൻഗണന നൽകുന്നതിനോടൊപ്പം ടൂറിസത്തിന്റെ ഗുണഫലങ്ങൾ പ്രാദേശിക സമൂഹത്തിലേക്കെത്തിക്കുന്നതിലും ഈ കൂട്ടായ്മ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”സന്താരി പേൾ റിസോർട്ടുമായുള്ള ഈ ബന്ധം ഞങ്ങളുടെ വരുമാനത്തിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഓരോ ഓർഡറും കൃത്യതയോടെയും ഗുണമേന്മയോടെയും നൽകാൻ ഞങ്ങളുടെ യൂണിറ്റുകൾ ശ്രദ്ധിക്കുന്നുണ്ട്. തുടർച്ചയായ ഈ സഹകരണത്തെ ഞങ്ങൾ വിലമതിക്കുകയും ഭാവിയിൽ അത് കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു,” – കുടുംബശ്രീ പ്രതിനിധി അനുരാധ പറഞ്ഞു.
ആതിഥേയ മേഖലയും പ്രാദേശിക സംരംഭങ്ങളും ഒത്തു ചേരുമ്പോൾ, അത് കുടുംബങ്ങളിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും അതുവഴി പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നതിന് ഉത്തമ ഉദാഹരണമാണ് സന്താരി റിസോട്ടും കുടുംബശ്രീയും തമ്മിലുള്ള ദീർഘകാല ബന്ധം. ഈ സഹകരണം എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് വനിതാ സംരംഭങ്ങളെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനാണ് സന്താരി പേൾ ലക്ഷ്യമിടുന്നത്.




