പ്രമുഖ നിക്ഷേപകനും ബെര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ മുന്‍ സി.ഇ.ഒയുമായ വാറന്‍ ബഫറ്റിന്റെ നിയന്ത്രണത്തിലുള്ള ഐസ്ക്രീം ശൃംഖലയായ ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക്. കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റര്‍നാഷണലാണ് ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ബ്രാന്‍ഡാണ് ഡയറി ക്വ്യൂന്‍. 1940ല്‍ ആരംഭിച്ച ഡയറി ക്വ്യൂനിനെ 1998ലാണ് വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക് ഷെയര്‍ ഹാത്തവേ ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് വാറന്‍ ബഫറ്റിന്റെ ഇഷ്ട ബ്രാന്‍ഡായി ഡി.ക്യൂ എന്ന ഡയറി ക്യൂന്‍ മാറി. നിലവില്‍ 20 രാജ്യങ്ങളിലായി 7,700ഓളം സ്റ്റോറുകളുള്ള ഡി.ക്യൂ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ഒന്നാണ്.
വിവിധ തരത്തില്‍ കസ്റ്റമൈസ് ചെയ്യാവുന്ന ഐസ്ക്രീം രുചികളാണ് ഡയറി ക്വ്യൂനിലെ പ്രധാന ആകര്‍ഷണം. സോഫ്റ്റ് സെര്‍വ്, ബ്ലിസാര്‍ഡ്, ബര്‍ഗര്‍, സാന്ഡ്വിച്ച്, ജ്യൂസുകള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും തൃപ്തിപ്പെടുത്തുന്ന മെനുവാണ് ഡി.ക്യൂവിന്റെ ആകര്‍ഷണീയത. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.4 ബില്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആഗോളതലത്തില്‍ കമ്പനി നേടിയത്. 2030 എത്തുമ്പോള്‍ വാര്‍ഷിക വരുമാനം 10 ബില്യന്‍ ഡോളറിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
രാജ്യത്തെ 1.6 ലക്ഷം കോടി രൂപ മൂല്യമുള്ള ഫാസ്റ്റ് ഫുഡ് വിപണി ലക്ഷ്യം വെച്ചാണ് ഡി.ക്യൂവിന്റെ വരവ്. 2033ലെത്തുമ്പോള്‍ ഇത് 35.5 ഡോളര്‍ അല്ലെങ്കില്‍ മൂന്ന് ലക്ഷം കോടി രൂപയുടേതായി മാറും. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 90,000 കോടി രൂപയുടെ വലിയ വിപണിയായി ഐസ്ക്രീം മാറുമെന്നും ഇവര്‍ പറയുന്നു.