ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആന്തമാന്‍ ദ്വീപിനകലെയുള്ള രണ്ട് ലക്ഷം കോടിയോളം ലിറ്റര്‍ വരുന്ന അസംസ്കൃത എണ്ണ ശേഖരം സ്വന്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ പര്യവേഷണ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ അടുത്തിടെ 11.6 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരം കണ്ടെത്തിയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ 20 ഓയില്‍ റിസര്‍വുകളുടെ പട്ടികയില്‍ ഇടം പിടിച്ച ഗയാനയുടെ തലവര തന്നെ മാറി.
സമാനമായ രീതിയിലുള്ള മാറ്റമാണ് ഇന്ത്യയും പ്രതീക്ഷിക്കുന്നത്.നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്ന പര്യവേഷണങ്ങള്‍ വിജയത്തിലെത്തിയാല്‍ ഇന്ത്യയും സമാന രീതിയില്‍ കുതിക്കുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ. ഇപ്പോഴത്തെ 3.7 ട്രില്യന്‍ ഡോളറിന്റെ ഇന്ത്യന്‍ സാമ്പത്തിക മേഖല 20 ട്രില്യന്‍ കോടി ഡോളറിന്റേതാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. രാജ്യത്ത് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. യു.എസും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. പര്യവേഷണങ്ങള്‍ വിജയന് കണ്ടാല്‍ ഈ ചെലവ് ഒഴിവാക്കാമെന്ന് മാത്രമല്ല കയറ്റുമതിയിലൂടെ വന്‍ നേട്ടവുമുണ്ടാക്കാമെന്നാണ് പ്രതീക്ഷ.
അസം, ഗുജറാത്ത്, രാജസ്ഥാന്, മുംബൈ ഹൈ, കൃഷ്ണ-ഗോദാവരി നദീതടം എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ രാജ്യത്ത് എണ്ണ പര്യവേഷണം നടക്കുന്നത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് വിശാഖപട്ടണം, മംഗളൂരു, പദൂര്‍ എന്നിവിടങ്ങളില്‍ തന്ത്രപരമായ പെട്രോളിയം റിസര്‍വുകളും സൂക്ഷിക്കുന്നുണ്ട്. ഓയില്‍ ഇന്ത്യ, ഒ.എന്‍.ജി.സി തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലേക്ക് കൂടി എണ്ണ പര്യവേഷണം നീക്കാനാണ് കേന്ദ്രപദ്ധതി.