പ്രമുഖ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയായ ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (ട്രാവന്‍കോ/Travanco) ചെറുകിട കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താനായി ആരംഭിച്ച വായ്പാ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നു. 2024-25ഓടെ 40,000 പേരിലേക്ക് വായ്പകള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. കര്‍ഷകരുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം 10 ഇരട്ടി ഉയര്‍ത്തണം എന്നാണ് ലക്ഷ്യം.
‘സ്ട്രെംഗ്തെനിംഗ് ഓഫ് ദി ലൈവ്ലിഹുഡ് ഓഫ് 40,000 മാര്‍ജിനല്‍ ഫാര്‍മേഴ്സ്’ എന്ന് പേര് നല്കിയ പദ്ധതിവഴിയാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കുന്നത്. 2022 ഏപ്രിലില്‍ ആരംഭിച്ച പദ്ധതി മുഖേന ഇതിനകം 3,600 കര്‍ഷകര്‍ക്കായി 20 കോടി രൂപ വിതരണം ചെയ്തു. ഈ പദ്ധതിയുടെ വിജയമാണ് കൂടുതല്‍ മുന്നോട്ട് പോകാനുള്ള ആര്‍ജവം. 50 സെന്റില്‍ താഴെ കൃഷിഭൂമിയുള്ളതും അതില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിതം കഴിക്കുന്നവരുമായ കര്‍ഷകര്‍ക്കാണ് വായ്പകള്‍ ലഭിക്കുന്നത്.
പോളിഹൗസുകള്‍, പച്ചക്കറി കൃഷി, വാഴക്കൃഷി, പ്രിസിഷന്‍ ഫാമിംഗ്, ആടുവളര്‍ത്തല്‍, പശു വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കൂണ് കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് ട്രാവന്‍കോ പിന്തുണയും നല്‍കും. കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം, ആധുനിക സാങ്കേതികവിദ്യയുടെയും മെഷീനറികളുടെയും സഹായം തുടങ്ങിയവ പ്രൊഫഷണലായി നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ട്രാവന്‍കോ നടത്തുന്നത്.2024-25ല്‍ പദ്ധതിയിലൂടെ മൊത്തം 250 കോടി രൂപയുടെ വായ്പാവിതരണമാണ് ലക്ഷ്യമിടുന്നത്.
കര്‍ഷകരെ സഹായിക്കുന്നതിനായി മെഗാ ഹൈപ്പര്‍മാര്‍ക്കറ്റ് 2024-25ഓടെ ആരംഭിക്കാനും പദ്ധതിയുണ്ട്.കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനുള്ള നോഡല്‍ ഏജന്‍സിയായി മാറാനുള്ള പദ്ധതികളും ട്രാവന്‍കോ ആലോചിക്കുന്നു. 8,500 അംഗങ്ങളാണ് നിലവില്‍ ട്രാവന്കോയ്ക്കുള്ളത്.