കടലും കായലും മലയും കാടും കാലാവസ്ഥയും കേരളത്തിന്റെ അനന്യമായ സമ്പാദ്യമാണെന്ന് ബജറ്റ് പറയുന്നു. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള പരിപാടികള്‍ പ്രഖ്യാപിക്കാന്‍ ധനമന്ത്രി ബാലഗോപാല്‍ ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ട്.
വനം-ടൂറിസം-സാംസ്കാരിക വകുപ്പുകളെ ഏകോപിപ്പിച്ചും ഒപ്പം സ്വകാര്യ പങ്കാളിത്തത്തോടെയും പ്രാദേശികമായി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള ഇവന്റുകള്‍ക്ക് വേദിയാകാന്‍ കഴിയുന്നവിധം ബൃഹത്തായ കണ്വെന്ഷന് സെന്ററുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കും.
അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 10000 ഹോട്ടല്‍ മുറികള്‍ കേരളത്തിന്റെ ടൂറിസം രംഗത്ത് അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ മൂലധനം നിക്ഷേപിക്കാന്‍ തയാറാവുന്നവര്‍ക്ക് കെഎഫ്ഇ, ബാങ്കുകള്‍ എന്നിവയെ സഹകരിപ്പിച്ച് പലിശ കുറഞ്ഞ വായ്പ നല്‍കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ബജറ്റ് പ്രസംഗം പറയുന്നു. 5000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുത്ത 20 ഡെസ്റ്റിനേഷനുകളില്‍ 500 ന് മുകളില്‍ ആളുകള്‍ക്ക് ഒരുമിച്ച് എത്താനുള്ള സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും കൂട്ടുപിടിച്ച് ഒരുക്കും. ആദ്യ ഘട്ടത്തില്‍ വര്‍ക്കല, കൊല്ലം, മണ്‍റോ തുരുത്ത്, ആലപ്പുഴ, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബേക്കല്‍ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.