വെടിനിര്‍ത്തല്‍ സ്വാഗതാര്‍ഹമെന്ന് ഇന്ത്യ
ഇറാന്-യുഎസ് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ഹോര്‍മുസ് കടലിടുക്കിലൂടെ സ്വതന്ത്രമായ കപ്പല്‍ ഗതാഗതവും തടസമില്ലാത്ത ആഗോള വാണിജ്യവും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. നിലവിലെ സംഘര്‍ഷത്തിന് വേഗത്തിലുള്ള പരിഹാരം വെടിനിര്‍ത്തലിലൂടെയും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമേ സാധ്യമാവുകയുള്ളെന്നും ഇന്ത്യ പ്രതികരിച്ചു.
ഇന്ത്യക്കാര്‍ ഇറാന് വിടണമെന്ന് ഇന്ത്യന്‍ എംബസി
സാധ്യമായ മാര്‍ഗങ്ങളെല്ലാം പ്രയോജനപ്പെടുത്തി ഇറാനില്‍ നിന്ന് പുറത്തു കടക്കാന്‍ ഇന്ത്യക്കാരോട് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. എംബസിയോട് ആശയവിനിമയം നടത്താതെ കരമാര്‍ഗം ഇറാനില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കരുതെന്നും എംബസി മുന്നറിയിപ്പ് നല്കി.
വിപണിയില്‍ വമ്പന്‍ കുതിപ്പ്
ഇറാന് യുദ്ധത്തിന്റെയും എണ്ണവില വര്‍ധനയുടെയും രൂപയുടെ മൂല്യമിടിവിന്റെയും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലിന്റെയും ആഘാതത്തില്‍ വിറച്ചുനിന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആഴ്ചകള്‍ക്ക് ശേഷം ആശ്വാസ മുന്നേറ്റം. ഇറാന് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ 4 ശതമാനത്തോളം മുന്നേറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണി നടത്തിയത്. സെന്‍സെക്സ് 2946 പോയന്റ് മുന്നേറി 77,562 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 873 പോയന്റിന്റെ കുതിപ്പോടെ 23,997 ലേക്കാണ് എത്തിയത്. ഐടിയും ഫാര്‍മയും ഒഴിച്ച് മറ്റെല്ലാ മേഖലകളിലും കുതിപ്പ് ദൃശ്യമായി. ബാങ്ക്, ഓട്ടോ, റിയല്‍റ്റി സൂചികകളില്‍ 5 ശതമാനത്തിലേറെ കുതിപ്പ് ദൃശ്യമായി. ഇറാന് യുദ്ധത്തില്‍ തിരിച്ചടിയേറ്റ എല്‍ ആന്‍ഡ് ടി 7 ശതമാനവും ഇന്‍ഡിഗോ 10 ശതമാനവും മുന്നേറി.
ഡോളര്‍ താഴേക്ക്; രൂപ ഉഷാര്‍
ഇറാനില്‍ സമാധാനം വന്നതോടെ സുരക്ഷിത ആസ്തിയായ ഡോളറിന്റെ മൂല്യം ഇടിയുന്നു. ഒരു ശതമാനത്തോളം ഇടിവാണ് ഡോളര്‍ മൂല്യത്തില്‍ ഉണ്ടായത്. 50 പൈസ മെച്ചപ്പെടുത്തി 92.55 ലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നു. നാലാഴ്ചത്തെ താഴ്ന്ന നിരക്കിലാണ് മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യം.
ക്രൂഡ് ഓയില്‍ വില 13.5% ഇടിഞ്ഞു, സ്വര്‍ണവും വെള്ളിയും മുന്നേറി
കമ്മോഡിറ്റികളെ യുദ്ധവിരാമം എങ്ങനെ ബാധിച്ചെന്ന് നോക്കാം. ഏറ്റവും ആശ്വാസം ദൃശ്യമായത് ക്രൂഡ് ഓയില്‍ വിലയിലാണ്. 13.5% ഇടിഞ്ഞ് 94.34 ഡോളറിലേക്ക് ബ്രെന്റ് ക്രൂഡിന്റെ വില ഇടിഞ്ഞു. അതേസമയം സ്വര്‍ണത്തിലും വെള്ളിയിലും വന്‍ കുതിപ്പ് ദൃശ്യമായി. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 4650 ഡോളറില്‍ നിന്ന് 4850 ഡോളറിലേക്ക് കുതിച്ചു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 365 രൂപ ഉയര്‍ന്ന് 14,100 രൂപയിലെത്തി. പവന് 2920 രൂപ വര്‍ധിച്ച് 1,12,800 രൂപയായി. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ വെള്ളിവില 6% ഉയര്‍ന്ന് കിലോയ്ക്ക് 2,44,770 രൂപയിലെത്തി.
2026 ല്‍ ഇന്ത്യ 7.6% വളര്‍ന്നെന്ന് ആര്‍ബിഐ
പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ 5.25 ശതമാനത്തില്‍ നിര്‍ത്തി റിസര്‍വ് ബാങ്ക്. ആഗോള തലത്തില്‍ സംഘര്‍ഷം നിലനില്‍ക്കെ കാത്തിരുന്നു കാണാനുള്ള സമീപനമാണ് ആര്‍ബിഐ ധനകാര്യ സമിതി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.6% വളര്‍ന്നെന്നാണ് അനുമാനിക്കുന്നതെന്ന് ആര്‍ബിഐ പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയുടെയും മറ്റും പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.9 ശതമാനത്തിലേക്ക് കുറയാമെന്നും റിസര്‍വ് ബാങ്ക് അനുമാനിക്കുന്നു.




