മുന്നേറി നിഫ്റ്റിയും സെന്‍സെക്സും
2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ വിപണിക്ക് പോസിറ്റീവ് തുടക്കം. ശക്തമായ വാങ്ങലിന്റെ പിന്‍ബലത്തില്‍ സെന്‍സെക്സ് 1186 പോയന്റ് നേട്ടത്തോടെ 73,134 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 348 പോയന്റ് നേട്ടത്തില്‍ 22,679 വരെ മുന്നേറി. 3% വരെ ഒരു ഘട്ടത്തില്‍ മുന്നേറിയ വിപണി, നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ 1.2% താഴേക്ക് വന്നു. എങ്കിലും 1.5% ന് മുകളില്‍ നേട്ടം നിലനിര്‍ത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇറാന് യുദ്ധം വളരെ വേഗം അവസാനിക്കുമെന്നും രണ്ടു മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് ലോകമെങ്ങും ഓഹരി വിപണികള്‍ക്ക് മുന്നോട്ടു കുതിക്കാന്‍ ഇന്ധനമായത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ഖര്‍ഗ് ദ്വീപ് പിടിക്കാനുമുള്ള പദ്ധതികള്‍ ട്രംപ് ഉപേക്ഷിക്കുന്നെന്ന് യുഎസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും നാറ്റോ സഖ്യകക്ഷികളുടെയും പിന്തുണ ലഭിക്കാത്തത് ട്രംപിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ട്രംപ് ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തും.
ടെഹ്റാന് വഴങ്ങിയെന്ന് ട്രംപ്; ഹോര്‍മുസ് തുറക്കില്ലെന്ന് ഇറാന്
ഇറാന് പ്രസിഡന്റ് മുജ്തബ ഖമനേയി വെടിനിര്‍ത്തലിന് അപേക്ഷിച്ചെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്, ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അവകാശപ്പെട്ടു. ഹോര്‍മുസ് തുറന്നു തകൊടുത്താലേ വെടിനിര്‍ത്തല്‍ പരിഗണിക്കുകയുള്ളെന്ന് ട്രംപ് പറഞ്ഞു. അതേസമയം യുഎസിന് മുന്നില്‍ ഹോര്‍മുസ് തുറമുഖം അടഞ്ഞു കിടക്കുമെന്നും ടെഹ്റാന്റെ പുതിയ നിയമങ്ങള്‍ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളെന്നും ഇറാന് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ ഇറാന് തുടരുകയാണ്. ദുബായില്‍ മിസൈല്‍ വീണ് നാലുപേര്‍ക്ക് പരിക്കേറ്റു.
എണ്ണവില 100 ഡോളറിനരികെ സ്വര്‍ണത്തില്‍ കുതിപ്പ്
ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ എണ്ണവില കുറയുന്നു. ബ്രെന്റ് ക്രൂഡ് വില 103 ഡോളറിലേക്ക് താഴ്ന്നു. സ്വര്‍ണവില ഉയരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 1.3% ഉയര്‍ന്ന് 4735 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 180 രൂപ ഉയര്‍ന്ന് 13,885 രൂപയിലെത്തി. പവന് 1,440 രൂപ ഉയര്‍ന്ന് 1,11,080 രൂപയിലെത്തി.
ജിഎസ്ടി വരുമാനം 10 മാസത്തെ ഉയര്‍ന്ന നിലയില്‍
ജിഎസ്ടി വരുമാനം മാര്‍ച്ച് മാസത്തില്‍ 10 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. 2 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസം ജിഎസ്ടി ഇനത്തിലെ വരുമാനം. 2025 ഏപ്രില്‍ മാസത്തില്‍ 2.37 കോടി രൂപ ജിഎസ്ടി ഇനത്തില്‍ പിരിഞ്ഞു കിട്ടിയിരുന്നു. ഇതിന് ശേഷമുള്ള ഉയര്‍ന്ന വരുമാനമാണ് ഇത്തവണത്തേത്. ആഭ്യന്തര ഉപഭോഗത്തേക്കാള്‍ ഇറക്കുമതിക്ക് മേലുള്ള ജിഎസ്ടി വരുമാനമാണ് ഇത്.




