സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് മിഷന് മികച്ച പ്രകടനം കാഴ്ചവച്ചെന്നു ബജറ്റില്‍ വിലയിരുത്തല്‍. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിനെ അടിസ്ഥാനപ്പെടുത്തിയുള്ള 2022-ലെ ബെസ്റ്റ് പെര്ഫോമര്പുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. കഴിഞ്ഞ 3 വര്‍ഷവും കേരളത്തിന് ടോപ്പ് പെര്ഫോമര്പുരസ്കാരവും ലഭിച്ചിരുന്നു.
വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് വഴി 5500 കോടി രൂപ സ്റ്ാര്ട്ടപ്പുകളിലേക്കുള്ള നിക്ഷേപമായി സമാഹരിക്കാനും സംസ്ഥാനത്ത് 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു. സംസ്ഥാനത്ത് ഇതിനകം രജിസ്റ്റര്‍ ചെയ്തു സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 5000 കടന്നിരിക്കുന്നു.
100 മുതല്‍ 150 വരെ ആളുകള്‍ക്ക് ഒരുമിച്ചിരുന്ന് തൊഴിലെടുക്കാന്‍ കഴിയുന്ന വര്‍ക്ക് നിയര്‍ ഹോം കേന്ദ്രങ്ങള്‍ കേരളത്തിലെ ചില ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍ഗോഡ്,കൊട്ടാരക്കര, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ ഇത്തരം ലീപ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ, മഞ്ചേരി, സുല്‍ത്താന്‍ബത്തേരി, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലും 100 മുതല്‍ 200 പേര് വരെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി കേന്ദ്രങ്ങളുണ്ട്.
മുന്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെറുനഗരങ്ങളിലെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ സാധ്യതകളെയാണ് ഇത് കാണിക്കുന്നത്. അതിനാല്‍ സംസ്ഥാനമൊട്ടാകെ ലീപ് സെന്ററുകള്‍ വ്യാപിപ്പിക്കുന്ന പദ്ധതിയ്ക്കായി 10 കോടി രൂപ വകയിരുത്തി.
ആഗോള തലത്തില്‍ സംരംഭക ആശയങ്ങള്‍ കൈമുതലായിട്ടുള്ള ആളുകള്‍ക്ക് കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ വന്ന് താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും എന്നും ബജറ്റില്‍ പറയുന്നു.