ചാറ്റ് ജിപിടി അവതരിപ്പിച്ചതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ യു എസ് കമ്പനി ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തേക്ക് സാം ആള്ട്ട്മാന് തിരിച്ചെത്തില്ല. കമ്പനി ജീവനക്കാരുടെയും മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള നിക്ഷേപരുടെ സമ്മര്‍ദം കണക്കിലെടുക്കാതെ ഓപ്പണ്‍ എഐ ബോര്‍ഡ് ഇടക്കാല സിഇഒ ആയി എമ്മിറ്റ് ഷീറിനെയാണ് നിയമിച്ചിരിക്കുന്നത്. ആള്ട്ട്മാന് അനുകൂലിയായിരുന്ന മിറാ മുറാതിയില്‍ നിന്നാണ് സിഇഒ സ്ഥാനം മാറ്റിയിരിക്കുന്നത്.
വീഡിയോ സ്ട്രീമിംഗ് സൈറ്റായ ട്വിച്ചിന്റെ സഹസ്ഥാപകനാണ് എമ്മിറ്റ് ഷീര്‍.

സാം ആള്‍ട്ട്മാന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹത്തെ പുറത്താക്കുന്നത് എന്നാണ് കമ്പനി ബോര്‍ഡ് അറിയിച്ചത്. ഓള്‍ട്ട്മാന്റെ പുറത്താക്കല്‍ ടെക് ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാനും രാജി പ്രഖ്യാപിച്ചിരുന്നു.
2020ലാണ് ഓള്ട്ട്മാന് കമ്പനിയുടെ സിഇഒയായി ചുമതലയേല്‍ക്കുന്നത്. 2022ലാണ് ഓള്‍ട്ട്മാന്റെ നേതൃത്വത്തില്‍ ചാറ്റ് ജിപിടി അവതരിപ്പിച്ചത്.

ഇടക്കാല സിഇഒ ആയി ചുമതലയേറ്റ മിറാ മുറാതി ഞായറാഴ്ച ചര്‍ച്ചകള്‍ക്കായി ഓള്‍ട്ട്മാനെ ക്ഷണിച്ചതായി അറിയിച്ചിരുന്നു. ഓള്‍ട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കമ്പനി ആസ്ഥാനത്ത് എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
നിര്‍മ്മിത ബുദ്ധി ഉപയഗിച്ചുള്ള പുതിയ സംരംഭം തുടങ്ങാനുള്ള പദ്ധതിയിലാണ് ഓള്ട്ട്മാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഓള്ട്ട്മാന് കമ്പനിയിലേക്ക് തിരിച്ചു വരികയാണെങ്കില്‍ മൈക്രോസോഫ്റ്റ്, കമ്പനി ബോര്‍ഡില്‍ നിര്‍ണ്ണായക പങ്കു വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.