ഡീപ്പ് ഫേക്ക് വീഡിയോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍. ബോളിവുഡ് നടന് അക്ഷയ് കുമാര്‍ ഉള്‍പ്പെട്ട ഡീപ് ഫേക്ക് വീഡിയോയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഒരു ഗെയിമിംഗ് ആപ്ലിക്കേഷനെ അക്ഷയ് കുമാര്‍ പിന്തുണയ്ക്കുന്നതായി കാണിക്കുന്ന ഡീപ് ഫേക്ക് വീഡിയോയാണ് ഓണ്‍ലൈനില്‍ വന്നിരിക്കുന്നത്. താന്‍ ഈ പ്രചാരണത്തിന്റെ ഭാഗമല്ലെന്ന് നടന് വ്യക്തമാക്കിയിരുന്നു.
ബോളിവുഡ് നടന് അക്ഷയ് കുമാര്‍ ഉള്‍പ്പെട്ട ഡീപ് ഫേക്ക് വീഡിയോയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) പുരോഗതിയാണ് തെറ്റായ വിവരങ്ങളുടെയും ഡീപ്ഫേക്കുകളുടെയും കാരണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ പറഞ്ഞു. 2021 ലെ ഐടി നിയമങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ടാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയമ പരിരക്ഷ ഇല്ലാതാകുകയും ഐപിസി ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെടാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രശ്മിക മന്ദാന, നോറ ഫത്തേഹി, കത്രീന കൈഫ്, കജോള്‍, ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട ഡീപ്ഫേക്ക് വീഡിയോകള്‍ സമീപകാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.