റിലയന്‍സ് ജിയോ, ഉപയോക്തൃ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫിക്സ്ഡ് വയര്‍ലെസ് ആക്സസ് (FWA) സേവനദാതാവാകാനുള്ള ഒരുക്കത്തിലെന്ന് ട്രായി ഡാറ്റയെ ആധാരമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ തയ്യാറാക്കിയ വിശകലന റിപ്പോര്‍ട്ട്. യുഎസില്‍ ആസ്ഥാനമായുള്ള ടി-മൊബൈലിനെയും മറികടക്കാനാണ് ജിയോയുടെ മുന്നേറ്റം.
ടെലികോം റെഗുലേറ്റര്‍ ട്രായിയുടെ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോയുടെ മൊത്തം 5G ഫിക്സ്ഡ് വയര്‍ലെസ് ആക്സസ് (FWA) ഉപയോക്തൃ അടിസ്ഥാനം മേയ് മാസത്തില്‍ 68.8 ലക്ഷം ആയി, അതേസമയം ടി-മൊബൈലിന് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 68.5 ലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ്.
ജിയോ ഏകദേശം 10 ലക്ഷം ഫിക്സ്ഡ് വയര്‍ലെസ് ഉപയോക്താക്കളെ ഫൈബര്‍ ടു ഹോം വിഭാഗത്തിലേക്ക് പുനര്‍വിന്യാസം ചെയ്തതിനെ തുടര്‍ന്ന്, മേയ് മാസത്തില്‍ അതിന്റെ ഫിക്സ്ഡ് വയര്‍ലെസ് ഉപഭോക്തൃ അടിസ്ഥാനം 59 ലക്ഷം ആയി. അതേ സമയം, ആ മാസം മാത്രം 7.4 ലക്ഷം പുതിയ ഉപയോക്താക്കളെ ജിയോ ചേര്‍ത്തു.
ട്രായി ഡാറ്റയെ ആധാരമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകളായ സഞ്ജേഷ് ജെയ്ന്‍, മോഹിത് മിശ്ര, അപരാജിത ചക്രബര്‍ത്തി എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യവസായത്തിലെ മൊത്തം ഫിക്സ്ഡ് വയര്‍ലെസ് ആക്സസ് (FWA) ഉപയോക്താക്കള്‍ (UBR ഒഴികെ) 74 ലക്ഷം ആണെന്നും, ജിയോയുടെ യു ബി ആര് പുനര്‍വിന്യാസത്തിനു ശേഷം ഉപയോക്തൃ സംഖ്യ 59 ലക്ഷം ആണെന്നും പറയുന്നു.
‘UBR ഉള്‍പ്പെടെ ജിയോയുടെ FWA ഉപയോക്താക്കള്‍ 68.8 ലക്ഷം ആണ്. ഇത്, മാര്‍ച്ച് 2025-ല്‍ 68.5 ലക്ഷം ഉപഭോക്താക്കളുള്ള അമേരിക്കയിലെ ടി-മൊബൈലിനെ അപേക്ഷിച്ച് കൂടുതലാണ്. 2025 ജൂണ്‍ അവസാനത്തോടെ ജിയോ ലോകത്തിലെ ഏറ്റവും വലിയ FWA സേവനദാതാവായിരിക്കും എന്നതില്‍ സംശയമില്ല,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം, ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ 50.72% പങ്ക് ജിയോയ്ക്ക് ഉള്ളതും ഈ മേഖലയില്‍ അതിന്റെ ആധിപത്യം ഉറപ്പാക്കുന്നതുമാണ്. ഇതില്‍ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 1.35 കോടിയും, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 48.09 കോടിയുമാണ് (2025 മേയ് കണക്കുകള്‍ പ്രകാരം).