ന്യൂഡെല്‍ഹി: ടൈഗര്‍ ഗ്ലോബല്‍, പീക്ക് എക്സ്വി, സ്റ്റെഡ്വ്യൂ ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെ 30 വിദേശ, ആഭ്യന്തര നിക്ഷേപകര്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ നികുതി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രിസ്ക്യാപ്പിറ്റല്, കലാരി ക്യാപിറ്റല്‍, ബെന്നറ്റ്, കോള്മാന് ആന്‍ഡ് കമ്പനി എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച മറ്റ് പ്രമുഖ കമ്പനികള്‍.
കാസിനോകള്‍, റേസ് കോഴ്സുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താന്‍ ഈ മാസം ആദ്യം മന്ത്രിതല സംഘം തീരുമാനിച്ചിരുന്നു. നികുതി ഭാരം 1,100 ശതമാനം വര്‍ധിക്കുമെന്നും ഓണ്‍ലൈന്‍ റിയല്‍ മണി സ്കില്‍ ഗെയിമിംഗ് ബിസിനസ് മോഡല്‍ അപ്രാപ്യമാക്കപ്പെടുമെന്നും നിക്ഷേപകര്‍ പറയുന്നു.
നിക്ഷേപം എഴുതിത്തള്ളുന്നതിലേക്കും നിക്ഷേപകരുടെ ആത്മവിശ്വാസം വ്രണപ്പെടുന്നതിലേക്കും ഇത് നയിക്കാം എന്ന് ഗ്രൂപ്പ് കത്തില്‍ എഴുതി. ടൈഗര്‍ ഗ്ലോബലും പീക്ക് എക്സ്വിയും ഇന്ത്യന്‍ ഗെയിമിംഗ് കമ്പനികളായ ഡ്രീം 11, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
28 ശതമാനം ജിഎസ്ടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളും വ്യവസായ അസോസിയേഷനുകളും കഴിഞ്ഞയാഴ്ച കേന്ദ്രത്തെ സമീപിച്ചിരുന്നു. വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകളും വാതുവെപ്പ്, പന്തയം, ചൂതാട്ടം എന്നിവയുടെ സ്വഭാവത്തിലുള്ള ഗെയിമുകളും തമ്മില്‍ വ്യക്തമായ വ്യത്യാസം വരുത്തേണ്ടതുണ്ടെന്ന് പിഎച്ച്ഡിസിസിഐ പരോക്ഷ നികുതി കമ്മിറ്റി ചെയര്മാന് ബിമല്‍ ജെയിന് പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തിന്റെ മൂല്യം 2022-ല്‍ ഏകദേശം 135 ബില്യണ്‍ ഇന്ത്യന്‍ രൂപയായിരുന്നു, മുന്‍വര്‍ഷത്തെ 101 ബില്യണ്‍ രൂപയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. 2025-ഓടെ ഈ മേഖലയുടെ മൂല്യം 231 ബില്യണ്‍ ഇന്ത്യന്‍ രൂപയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏകദേശം 19 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്.