ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി ലോകത്തിന്റെ സമ്പത്തെന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. ജൂണ്‍ മാസത്തില്‍ ഗാര്‍സെറ്റി നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനിടെ ആയിരുന്നു കിടിലന്‍ പ്രശംസ. വലിയ പ്രചോദനം നല്‍കുന്നതാണ് ഡോവലിന്റെ ജീവിതകഥയെന്നാണ് അമേരിക്കന്‍ അംബാസഡറിന്റെ പക്ഷം. ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ സമ്പത്താണെന്ന് അദ്ദേഹം പറയുന്നു.
ഉത്തരാഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച് വലിയ ഉയരങ്ങള്‍ കീഴടക്കിയ കഥയാണ് അജിത് ഡോവലിന്റേതെന്നും അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിലെ ടോപ് ഉദ്യോഗസ്ഥരില്‍ പെടുന്ന അജിത് ഡോവല്‍ കേരള കേഡര്‍ ഐപിഎസ് ഓഫീസറായിരുന്നു. 2004-05 കാലയളവില്‍ അദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു.
പാക്കിസ്ഥാനില്‍ വര്‍ഷങ്ങളോളം അണ്ടര്‍കവര്‍ ഏജന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരിയറിന്റെ സിംഹഭാഗവും അണ്ടര്‍കവര്‍ സ്പൈ എന്ന റോളാണ് ഡോവല്‍ വഹിച്ചത്. 2016ല്‍ പാക്കിസ്ഥാന് ഭീകരര്‍ക്കെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ആസൂത്രകന്‍ ഡോവലായിരുന്നു.