2026-ലെ കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആദായനികുതിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ജനം പ്രതീക്ഷിച്ചിരുന്നത്. നികുതി സ്ലാബുകള്‍, ഇളവ്, പുതിയ നികുതിവ്യവസ്ഥയ്ക്ക് കീഴിലുള്ള ആശ്വാസ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ പ്രതീക്ഷകള്‍ പലതായിരുന്നുവെങ്കിലും വ്യത്യസ്തമായ സമീപനമാണ് ഇത്തവണ ധനമന്ത്രി നിര്‍മ്മല സീതാരാമന് കൈക്കൊണ്ടത്. സ്ലാബുകളില്‍ മാറ്റം വരുത്തിന് പകരമായി ആറ് പതിറ്റാണ്ടായി നിലവിലുള്ള ആദായ നികുതി നിയമത്തിന് കാലോചിതമായ പരിഷ്കരണം കൊണ്ടുവരുന്നതിനാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്.
ആദായ നികുതി നിയമ പരിഷ്കരണം, ഐടിആര്‍ ഫയലിംഗ് ലളിതവല്‍ക്കരിക്കല്‍, ആദായനികുതി നിയമപാലനം എളുപ്പമാക്കല്‍, നിയമ നൂലാമാലകളും ആശയക്കുഴപ്പങ്ങളും കുറയ്ക്കല്‍, കാലങ്ങള്‍ നീളുന്ന നടപടിക്രമങ്ങളും പരാതി തീര്‍പ്പാക്കലും വേഗത്തിലാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ആദായ നികുതി നിയമം 2025, ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ബജറ്റവതരണ വേളയില്‍ ധനമന്ത്രി അറിയിച്ചിരുന്നു.
പുതിയ ആദായ നികുതി നിയമത്തിലെ പ്രധാന മാറ്റങ്ങള്‍, പ്രത്യേകതകള്‍, ലക്ഷ്യങ്ങള്‍, മറ്റ് സവിശേഷതകള്‍ എന്തെല്ലാമാണെന്ന് അറിയാം.
1961-ലെ ആദായ നികുതി നിയമത്തിന് ബദലായാണ് ആദായ നികുതി നിയമം 2025 പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. പഴയ നിയമത്തിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി, ഭാഷ ലളിതവല്‍ക്കരിച്ച്, മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളുമായും സാങ്കേതികവിദ്യയുമായും പൊരുത്തപ്പെടുന്ന രീതിയില്‍ ആദായ നികുതി നിയമം പരിഷ്കരിക്കുകയാണ് പുതിയ നിയമത്തിന്റെ ആത്യന്തികമായ ലക്ഷ്യം.
എന്താണ് ആദായ നികുതി നിയമം 2025
ആദായ നികുതി, നിയമപാലനം, ശേഖരണം, പ്രത്യക്ഷ നികുതി പിരിവ് എന്നിവ സംബന്ധിച്ച സമഗ്ര നിയമമാണ് ആദായ നികുതി നിയമം 2025. ഏതാണ്ട് 600 പേജുകളിലായി 536 വകുപ്പുകള്‍ ഉള്‍പ്പെടുന്ന 23 അധ്യായങ്ങളും 16 ഷെഡ്യൂളുകളും ഉള്ള, നികുതിവ്യവസ്ഥയുടെ എല്ലാ വശങ്ങളും വിശദീകരിക്കുന്ന നിയമമാണത്. 2025ലാണ് ഈ നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
പ്രധാനമായും മൂന്ന് നയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് 1961-ലെ ആദായ നികുതി നിയമം പരിഷ്കരിച്ചത്:
- എല്ലാവര്ക്കും മനസ്സിലാക്കുന്നതിനും പാലിക്കുന്നതിനുമായി ഭാഷാപരമായും ഘടനാപരമായും നിയമം ലളിതമാക്കുക.
- തുടര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കാനായി നികുതി നയത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാതിരിക്കുക.
- നികുതിദായകര്‍ക്ക് തുടര്‍ന്നും നിരക്ക് പ്രവചിക്കാവുന്ന തരത്തില്‍ നികുതി നിരക്കില്‍ മാറ്റം കൊണ്ടുവരാതിക്കുക.
നിയമ പരിഷ്കരണത്തിന് ആധാരമായി സ്വീകരിച്ച സമീപനങ്ങള്‍:
- വായിച്ചുമനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ കഠിനഭാഷ ഒഴിവാക്കുക.
- എളുപ്പത്തില്‍ വായിക്കാന്‍ ആവര്‍ത്തിച്ചുവരുന്ന വ്യവസ്ഥകള്‍ നീക്കുക.
- മെച്ചപ്പെട്ട ഗ്രാഹ്യത്തിന് യുക്തിസഹമായി വ്യവസ്ഥകള്‍ പുനഃക്രമീകരിക്കുക.
ആദായ നികുതി സ്ലാബുകളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ നിയമം മുന്നോട്ടുവെക്കുന്നില്ല. വരുമാനം സംബന്ധിച്ച കാര്യങ്ങളും നിയമത്തില്‍ ഉള്‍പ്പെടുന്നില്ല. പകരം പ്രത്യക്ഷ നികുതി ലളിതമാക്കിക്കൊണ്ട്, ആശയക്കുഴപ്പങ്ങള്‍ ഇല്ലാത്ത രീതിയില്‍ നിയമനടപടികള്‍ ഒഴിവാക്കാനുള്ള സാഹചര്യങ്ങള്‍ മുന്നോട്ടുവെക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നികുതിഘടന പരിഷ്കരിച്ചതും പുതിയ നിയമത്തിന്റെ എടുത്തുപറയേണ്ട മാറ്റമാണ്. മുമ്പ് 819 വകുപ്പുകളിലായി വ്യാപിച്ച് കിടന്നിരുന്ന നികുതി വ്യവസ്ഥകള്‍ 536 വകുപ്പുകളാക്കി വെട്ടിച്ചുരുക്കി. അധ്യായങ്ങളുടെ എണ്ണം 47-ല്‍നിന്നും 23 ആക്കി, 16 ഷെഡ്യൂളുകള്‍ ഉള്‍പ്പെടുത്തി. പഴയ നിയമത്തില്‍ 512,535 പദങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയതില്‍ അത് 259,676 ആയി കുറച്ചു. വ്യക്തത കൊണ്ടുവരുന്നതിനും എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനും പട്ടികകളും ഫോര്‍മുലകളും കൊണ്ടുവന്നു.
പ്രധാന ലക്ഷ്യങ്ങള്‍
ആദായ നികുതി നിയമം 2025-ന്റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
നിയമം ലളിതമാക്കുക
നിലവിലെ കഠിന ഭാഷയിലുള്ളതും ആവര്‍ത്തിച്ചുവരുന്നതുമായ നികുതി വ്യവസ്ഥകള്‍ വ്യക്തതയോടെ, ലളിതമായി, എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ ആധുനിക നിയമ ഭാഷയില്‍ അവതരിപ്പിക്കുക.
തര്‍ക്കങ്ങള്‍ ഒഴിവാക്കുക
നികുതി നടപ്പാക്കല്‍ പ്രക്രിയ ലഘൂകരിക്കുകയും നികുതി ഒടുക്കുന്നതിന്
ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നതിലൂടെ നിയമ തര്‍ക്കങ്ങള്‍ ഒഴിവാക്കുകയും പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരികയും ചെയ്യാന്‍ നിയമം ലക്ഷ്യമിടുന്നു.
പാലിക്കാനുള്ള എളുപ്പം
നിയമ ഉള്ളടക്കം കുറയുന്നതോടെ എളുപ്പത്തിലും കാര്യക്ഷമതയിലും നിയമം പാലിക്കാനുള്ള സാഹചര്യമൊരുങ്ങുന്നു. ഇത് നികുതി ഫയലിംഗ് വര്‍ധിക്കാനും നികുതി വെട്ടിപ്പ് കുറയ്ക്കാനും അവസരമൊരുങ്ങും.
സുതാര്യത
നികുതിദായകര്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള പുതിയ ആദായ നികുതി നിയമം സുതാര്യത ഉറപ്പുനല്‍കുകയും ആദായ നികുതി ഫയലിംഗ് എളുപ്പത്തിലാക്കുകയും ചെയ്യുന്നു.
ഡിജിറ്റല്‍ മുഖം
അഴിമതിയും ഉദ്യോഗസ്ഥ ഇടപെടലും കുറയ്ക്കാന്‍ ഡിജിറ്റലായി നിയമം മനസ്സിലാക്കാനും നികുതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുമുള്ള സൗകര്യം ജനത്തിന് നല്‍കുക.
കാലോചിത മാറ്റം
ഡിജിറ്റല്‍ ആസ്തികളുടെയും ആഗോള വരുമാനത്തിന്റെയും നികുതി കണക്കാക്കുന്നത് ഉള്‍പ്പടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള നിയമം കൊണ്ടുവരിക.
ടാക്സ് ഇയര്‍
ലഘൂകരിച്ചതും ആധുനികവല്‍ക്കരിച്ചതുമായ പുതിയ നിയമത്തില്‍ പഴയ നിയമത്തിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന ചില പദങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. അതില്‍ ചിലതാണ് assessment year, previous year എന്നിവ. ഇവയ്ക്ക് പകരം Tax year എന്ന പദമാണ് പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച്, ടാക്സ് ഇയര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്, ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന, 12 മാസം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക വര്‍ഷമാണ്.
TDS വ്യവസ്ഥകളുടെ ഏകീകരണം
സ്രോതസ്സില്‍ നിന്നും നികുതി പിരിക്കുന്ന രീതി (TDS)യുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പഴയ നിയമത്തില്‍ പല വിഭാഗങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയമം ഇവ ഏകീകരിച്ച് 393 എന്ന ഒറ്റ വകുപ്പിന് കീഴിലാക്കിയിട്ടുണ്ട്.
പിഴയില്ലാതെ റീഫണ്ട്
അവസാന തീയതിക്ക് ശേഷം ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തവര്‍ക്കും പിഴയൊന്നും കൂടാതെ TDS റീഫണ്ട് നേടാനാകുന്ന വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്.
നികുതി വ്യവസ്ഥ കൂടുതല്‍ മെച്ചപ്പടുത്തുന്നതിനും സുതാര്യതയും ആധികാരിതയും ഉറപ്പാക്കുന്നതിനും പുതിയ പദ്ധതികള്‍ക്ക് രൂപം നല്കാന് പുതിയ നിയമം കേന്ദ്രസര്‍ക്കാരിനെ അനുവദിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ആദായ നികുതി നിയമം സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കാവുന്ന രീതിയില്‍ ലളിതമാക്കി, കാലോചിതമായി പരിഷ്കരിച്ച് ആദായ നികുതി ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ ആദായ നികുതി നിയമം.
English Summary
The article details the comprehensive overhaul of India's direct tax regime with the introduction of the Income Tax Act 2025, effective from April 1, 2026. Replacing the decades-old 1961 Act, the new law focuses on simplification, digitalization, and transparency without altering current tax rates or slabs.
Structural Changes: The number of sections has been reduced from 819 to 536, and chapters from 47 to 23, significantly cutting down the word count to make it more readable.
Key Simplifications: The archaic terms "Assessment Year" and "Previous Year" are replaced with a single "Tax Year."
TDS Consolidation: All Tax Deducted at Source (TDS) provisions are unified under a single section (Section 393).
User-Friendly Features: Introduction of tables and formulas for better clarity, easier refund processes for late filers, and reduced litigation through clearer legal language.
Goal: To promote ease of compliance and adapt to the modern digital economy while maintaining tax stability.




