ഗിമ്മിക്കു കാട്ടാന്‍ എഐ അഥവാ ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കരുതെന്നാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി പറയുന്നത്. വിവേകപൂര്‍വം ഉപയോഗിച്ചാല്‍ എഐ വിവിധ മേഖലകളില്‍ നേട്ടം കൊണ്ടുവരുമെന്നും രാജ്യത്തിന്റെ മൊത്തം വികസനത്തിന് സഹായിക്കുമെന്നും ടെക് സംരംഭകന് ചൂണ്ടിക്കാട്ടുന്നു.
കാര്‍ഷിക മേഖല
ഭക്ഷ്യ മേഖലയിലും കാര്‍ഷിക മേഖലയിലും എഐക്ക് ഗണ്യമായ നേട്ടം നല്‍കാനാവുമെന്ന് അദ്ദേഹം കരുതുന്നു. കാര്‍ഷിക മേഖലയില്‍ വിപ്ലവം തന്നെ കൊണ്ടുവരാന്‍ എഐക്ക് സാധിക്കും. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനൊപ്പം രാജ്യത്തെ ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് നാരായണമൂര്‍ത്തി പറയുന്നു.
ഫാമിലി പ്ലാനിംഗ്
ജനസംഖ്യാ പെരുപ്പമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഫാമിലി പ്ലാനിംഗിന് എഐക്ക് ദമ്പതികളെ സഹായിക്കാനാവുമെന്ന് മൂര്‍ത്തി പറയുന്നു.
കാറുകളില്‍ വേണ്ട
സെല്‍ഫ് ഡ്രൈവിംഗ് കാറുകളില്‍ എഐ ഉപയോഗിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയുടെ മുന്‍ഗണനാ വിഷയമല്ല ഓട്ടോണോമസ് കാറുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് എഐയുടെ സഹായത്തോടെ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. അഴിമതി തടയാനും പൊതുഭരണം മെച്ചപ്പെടുത്താനും ജലലഭ്യത മെച്ചപ്പെടുത്താനും എഐ ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്.