ബ്രാന്‍ഡ് ഫിനാന്‍സിന്റെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്സ് 2024-ല്‍ കോടീശ്വരന് മുകേഷ് അംബാനി ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തും എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയെയും ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയെയും പിന്തള്ളിയാണ് ആഗോളതലത്തില്‍ ടെന്‍സെന്റിന്റെ ഹുവാറ്റെങ് മായ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
പ്രസിദ്ധീകരണമനുസരിച്ച്, ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക, ജീവനക്കാര്‍, നിക്ഷേപകര്‍, സമൂഹം എന്നിങ്ങനെ എല്ലാ പങ്കാളികളുടെയും ആവശ്യങ്ങള്‍ സന്തുലിതമാക്കി സുസ്ഥിരമായ രീതിയില്‍ ബിസിനസ്സ് മൂല്യം കെട്ടിപ്പടുക്കുന്ന സിഇഒമാര്‍ക്കുള്ള ആഗോള അംഗീകാരമാണ്.
ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് 2023 ലെ റാങ്കിംഗില്‍ 8-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനീഷ് ഷാ 6-ാം സ്ഥാനത്തും ഇന്‍ഫോസിസിന്റെ സലില്‍ പരേഖ് 16-ാം സ്ഥാനത്തുമാണ്.
2023 ലെ റാങ്കിംഗിലും അംബാനി ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ്. അംബാനി ഈ വര്‍ഷം ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്സില്‍ വൈവിധ്യമുള്ള ബിസിനസ് സിഇഒമാരില്‍ ഒന്നാം സ്ഥാനത്തെത്തി.
മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, ആപ്പിളിന്റെ ടിം കുക്ക്, ടെസ്ലയുടെ എലോണ്‍ മസ്ക് തുടങ്ങിയ പ്രമുഖരെക്കാള്‍ മുന്നിലാണ് മുകേഷ് അംബാനി.
ബ്രാന്‍ഡ് ഫിനാന്‍സിന്റെ സര്‍വേ അംബാനിക്ക് ബിജിഐ സ്കോര്‍ 80.3 നല്കി, ചൈന ആസ്ഥാനമായ ടെന്‍സെന്റിന്റെ ഹുവാറ്റെങ് മായ്ക്ക് ലഭിച്ചത് 81.6 ആണ്.
ഒരു കമ്പനിയുടെ ബ്രാന്‍ഡ് സംരക്ഷിക്കുന്നതിനും അതിന്റെ ദീര്‍ഘകാല മൂല്യം പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു സിഇഒയുടെ കഴിവ് ഏറ്റവും ഫലപ്രദമായി പ്രകടമാക്കുന്ന ഗുണങ്ങള്‍ കൃത്യമായി സൂചിപ്പിക്കാന്‍രൂപകല്‍പ്പന ചെയ്തതാണ് ബ്രാന്‍ഡ് ഫിനാന്‍സിന്റെ സ്കോര്‍കാര്‍ഡ്.
സിഇഒയുടെ പ്രശസ്തി നിര്‍ണ്ണയിക്കുന്നതില്‍ ഇഎസ്ജി (പരിസ്ഥിതി, സാമൂഹിക, ഭരണ ഘടകങ്ങള്‍) ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തിയായി മാറിയിരിക്കുന്നു എന്നാണ് ഈ വര്‍ഷത്തെ വിശകലനം വെളിപ്പെടുത്തുന്നത്. ‘സുസ്ഥിര ചാമ്പ്യന്‍’ ആയി കണക്കാക്കുന്നത് സ്കോര്‍ കാര്‍ഡില്‍ 14 ശതമാനം മൂല്യത്തിന് കാരണമാകുന്നു. വിശ്വസനീയത (12.5 ശതമാനം), ശക്തമായ വൈദഗ്ധ്യവും കാഴ്ചപ്പാടും, ആഗോള അംഗീകാരം എന്നിങ്ങനെയുള്ള ഘടകങ്ങളേക്കാള്‍ മുന്നിലാണിത്.
ബ്രാന്‍ഡ് ഫിനാന്‍സ് അനുസരിച്ച്, ഒരു ബ്രാന്‍ഡ് ഗാര്‍ഡിയന്റെ പങ്ക് ബ്രാന്‍ഡും ബിസിനസ്സ് മൂല്യവും കെട്ടിപ്പടുക്കുക എന്നതാണ്. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്ന സിഇഒമാര്‍ക്കുള്ള ആഗോള അംഗീകാരമാണിത്. വാണിജ്യ വിജയം, ദീര്‍ഘകാല ബ്രാന്‍ഡ് നിര്‍മ്മാണം, വ്യക്തിഗത പ്രശസ്തി എന്നിവ സന്തുലിതമാക്കുന്ന സിഇഒമാരെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്സ് അംഗീകരിക്കുന്നു.
ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചികയില്‍ നിലവിലുള്ള ധാരണകളെ പ്രതിഫലിപ്പിക്കുന്ന ‘പെര്‍സെപ്ഷന്‍’ ഘടകങ്ങള്‍, ഈ ധാരണകളുടെ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ‘പ്രകടന’ ഘടകങ്ങള്‍, ഭാവി ധാരണകളെയും പ്രകടനത്തെയും പിന്തുണയ്ക്കുന്ന ‘പ്രമോഷന്’ ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ബ്രാന്‍ഡ് ഫിനാന്‍സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടായ ‘ഗ്ലോബല്‍ 500 – 2024’ല്‍ ജിയോ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ശക്തമായ ബ്രാന്‍ഡായി അംഗീകരിക്കപ്പെട്ടു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ ബ്രാന്‍ഡുകളായ എല്‍ഐസി, എസ്ബിഐ എന്നിവയെക്കാള്‍ മുന്നിലാണ് ജിയോ. ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023 റാങ്കിംഗിലും ജിയോ ഇന്ത്യയുടെ ശക്തമായ ബ്രാന്‍ഡുകളില്‍ ഒന്നാമതെത്തിയിരുന്നു.