രണ്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) നൈപുണ്യമുള്ളവരാക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ദൗത്യം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. ഭാവിയുടെ തൊഴില്‍ ശക്തിയെ ശാക്തീകരിക്കുന്നതിനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നതായി ഇന്ത്യ സന്ദര്‍ശനം നടത്തുന്ന നദെല്ല പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
”നൈപുണ്യവുമായി ബന്ധപ്പെട്ട ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഇന്ത്യയില്‍ ഏകദേശം 2 ദശലക്ഷത്തിലധികം ആളുകളെ ഞങ്ങള്‍ എഐ വൈദഗ്ധ്യം കൊണ്ട് സജ്ജരാക്കാന്‍ പോകുന്നു,’ നദെല്ല പറഞ്ഞു.
ഇന്ത്യന്‍ ബ്രാന്‍ഡായ ‘കാര്യ’യുടെ ടീമുമായുള്ള ആശയവിനിമയമാണ് തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ ഇന്ത്യയിലെ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഡാറ്റ സേവനങ്ങള്‍, സാങ്കേതികവിദ്യ, ഡാറ്റ പരിഹാരങ്ങള്‍ എന്നിവ നല്കുന്ന ഒരു സാമൂഹിക സംരംഭമാണ് കാര്യ. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഇന്ത്യക്കാരിലേക്ക് ഡിജിറ്റലൈസേഷനെ എത്തിക്കുകയാണ് കാര്യയുടെ ലക്ഷ്യം. ഗ്രാമീണ ഇന്ത്യക്കാരുടെ സഹായത്തോടെയാണ് കാര്യ ഡാറ്റാസെറ്റുകള്‍ ചെയ്യുന്നത്. എഐയെ പരിശീലിപ്പിക്കാനുള്ള ഡാറ്റ ലേബല്‍ ചെയ്യുകയും തരംതിരിക്കുകയും ചെയ്യുന്നത് അവരാണ്. ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് വേണ്ടിയാണിത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാന്‍ എഐക്ക് കഴിയുമെന്നും മൈക്രോസോഫ്റ്റ് സിഇഒ അഭിപ്രായപ്പെട്ടു
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാന്‍ എഐക്ക് കഴിയുമെന്നും മൈക്രോസോഫ്റ്റ് സിഇഒ അഭിപ്രായപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ സ്വന്തം എഐ ടൂളായ കോപൈലറ്റ് ഉള്‍പ്പെടെയുള്ള എഐ സാങ്കേതികവിദ്യകള്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒരു സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ ഗണ്യമായി ഉയര്‍ത്താന്‍ കഴിയുമെങ്കില്‍ മാത്രമേ സാങ്കേതികവിദ്യ അര്‍ത്ഥപൂര്‍ണ്ണമാകൂ എന്ന് നദെല്ല വിശ്വസിക്കുന്നു. നിലവിലെ വിപണിയില്‍ അദ്ദേഹം വളരെയധികം സാധ്യതകള്‍ കാണുന്നുണ്ട്.