അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടൈം ഔട്ടാകുന്ന ആദ്യ ബാറ്ററായിരിക്കുകയാണ് ശ്രീലങ്കയുടെ സീനിയര്‍ താരമായ എയ്ഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഡെല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് മല്‍സരത്തിലാണ് നിശ്ചിത സമയത്തിനുള്ളില്‍ പന്ത് നേരിടാന്‍ സാധിക്കാഞ്ഞ മാത്യൂസ് ഔട്ടായതായി അംപയര്‍മാര്‍ വിധിച്ചത്. 52 വര്‍ഷത്തെ അന്ത്രാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാറ്റര്‍ ടൈം ഔട്ടിലൂടെ പുറത്താകുന്നത്.
സദീര സമരവിക്രമ പുറത്തായതിന് ശേഷം തൊ്ട്ടടുത്ത മിനിറ്റില്‍ തന്നെ മാത്യൂസ് ക്രീസിലെത്തിയെങ്കിലും ഹെല്‍മെറ്റ് സ്ട്രാപ്പ് പൊട്ടിയതിനാല്‍ ബോള്‍ ഫേസ് ചെയ്യാതെ പുതിയ ഹെല്‍മെറ്റ് കൊണ്ടുവരുന്നതിനായി കാത്തുനിന്നു. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന് അപ്പീല്‍ ചെയ്യുകയായിരുന്നു.
ഏകദിന ക്രിക്കറ്റില്‍ ബാറ്റര്‍ പുറത്തായി രണ്ട് മിനിറ്റിനകം അടുത്ത ബാറ്റര്‍ സ്ട്രൈക്ക് എടുക്കണം. ഈ നിയമമനുസരിച്ച് അംപയര്‍മാരായ മരിയസ് ഇറാസ്മസും റിച്ചാര്‍ഡ് ഇല്ലിംഗ്വര്ത്തും മാത്യൂസ് പുറത്തായതായി പ്രഖ്യാപിച്ചു. മാത്യൂസ് തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ബാറ്റര്‍ക്ക് സ്ട്രൈക്ക് എടുക്കാന്‍ 3 മിനിറ്റും ടി-20 യില്‍ 1.5 മിനിറ്റും സമയമാണ് ലഭിക്കുക.