ദുബായിലും പ്രവര്‍ത്തനം കൂടുതല്‍ ക്തിപ്പെടുത്താന്‍ പ്രമുഖ സംരംഭകന് എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്.പ്രശസ്തമായ ദുബായ് മാളില്‍ ലുലു ഗ്രൂപ്പ് ലോകോത്തര ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നിരിക്കുകയാണ്. ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തില്‍ യുഎഇ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫോറിന് ട്രേഡ് ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയാണ് 72,000 സ്ക്വയര്‍ഫീറ്റ് വരുന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ലുലുവിന്റെ ദുബായിലെ 24ാമത് സ്റ്റോറാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍ ബേക്കറി സാധനങ്ങള്‍, ഫ്രഷ് ഫുഡ്, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി, സ്റ്റേഷനറി, വീട്ടുപകരണങ്ങള്‍, ഐടി ഉത്പന്നങ്ങള്‍, ഫ്രഷ് ഫ്ളവേഴ്സ് എന്നിങ്ങനെ വമ്പന്‍ ഉല്പ്പന്നനിരയുമായാണ് ലോകോത്തര ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
ദുബായ് മാള്‍ സന്ദര്‍ശിക്കാനെത്തുന്ന വിവിധ രാജ്യത്തുള്ള ലക്ഷക്കണക്കിനാളുകളെയും ദുബായിലെ താമസക്കാരെയും ലക്ഷ്യമിട്ടാകും ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.

എമാറുമായി കൈകോര്‍ത്ത് ദുബായ് മാളിലെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കാനായില് ഏറെ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് മാള്‍ സന്ദര്‍ശിക്കാന്‍ എല്ലാ വര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമെത്തുന്നത് 100 ദശലക്ഷം ആളുകളാണ്.

മേഖലയിലെ പ്രമുഖ റീറ്റെയ്ലര് എന്ന നിലക്ക് ദുബായ് മാള്‍ കാണാനെത്തുന്ന ലോകത്തെമ്പാടുമുള്ള ആളുകള്‍ക്കും അവിടുത്തെ താമസക്കാര്‍ക്കും ഏറ്റവും നല്ല ഷോപ്പിംഗ് അനുഭവം പകര്‍ന്നു നല്‍കുന്നതിനുള്ള നിരന്തര പരിശ്രമമാണ് നടത്തുന്നതെന്നും എം എ യൂസഫലി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയാണ് പോളണ്ടിലും ഇറ്റലിയിലും ലുലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നത്.