ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം ഒരു വിഐപി പച്ചക്കറി വാങ്ങാന്‍ വഴിയോരക്കച്ചവടക്കാരുടെ അടുത്തെത്തി. ഇന്ത്യയുടെ യുപിഐ സംവിധാനം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ജര്‍മനിയുടെ ഡിജിറ്റല്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായ വോള്‍ക്കര്‍ വിസ്സിങ്ങാണ് പണമിടപാട് നടത്താന്‍ യുപിഐ ഉപയോഗിച്ചു നോക്കിയത്. സെക്കന്റുകള്‍ക്കുള്ളില്‍ തന്റെ ഫോണില്‍ നിന്ന് പണം പച്ചക്കറി കച്ചവടക്കാരന്റെ ബാങ്ക് എക്കൗണ്ടിലെത്തിയത് മന്ത്രിയെ ആശ്ചര്യപ്പെടുത്തി.
മന്ത്രി യുപിഐ പേമെന്റ് നടത്തുന്ന ചിത്രങ്ങള്‍ ജര്‍മന്‍ എംബസ്സി പിന്നീട് പങ്കുവെച്ചു. മന്ത്രി യുപിഐ പണമിടപാടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്ന ഒരു വീഡിയോയും എംബസ്സി പുറത്തു വിട്ടു. ഓഗസ്റ്റ് 19ന് ബെംഗളൂരുവില്‍ നടന്ന ജി-20 സമ്മിറ്റില്‍ പങ്കെടുക്കാനായാണ് വോള്‍ക്കര്‍ വിസ്സിങ്ങ് ഇന്ത്യാ സന്ദര്‍ശനം നടത്തിയത്.
മൊബൈല്‍ അധിഷ്ഠിതമായ പണമിടപാട് നടത്താന്‍ വേണ്ടി ഇന്ത്യ വികസിപ്പിച്ച സംവിധാനമായ യുപിഐ ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ശ്രീലങ്ക, ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍, തുടങ്ങിയ രാജ്യങ്ങള്‍ പേമെന്റ് സൊല്യൂഷനുകള്‍ക്കായി ഇന്ത്യയുമായി കൈകോര്‍ത്തിട്ടുണ്ട്. ഫ്രാന്‍സും ഇന്ത്യയുടെ യുപിഐ സംവിധാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.