കേരളം സൂര്യോദയ സമ്പദ് വ്യവസ്ഥയായി മാറിയിരിക്കുന്നെന്ന പ്രഖ്യാപനത്തോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. സ്വകാര്യ നിക്ഷേപത്തിനും വിദ്യാഭ്യാസത്തിനും ടൂറിസത്തിനും ബജറ്റില്‍ ഊന്നല്‍ കൊടുത്തിരിക്കുന്നു. ക്ഷേമ പെന്ഷന് ഇത്തവണയും വര്‍ധനയില്ല. നിലവില്‍ കുടിശികയായ തുക കൊടുത്തുതീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.
വരുന്ന വര്‍ഷം 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടി സംസ്ഥാനത്ത് അനുമതി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. 10 ഏക്കര്‍ വരെയുള്ള ഭൂമിയില്‍ കുടിവെള്ളം, റോഡ്, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 3 കോടി രൂപ വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
സ്റ്റാര്‍ട്ടപ്പ്
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്ന് ധനമന്ത്രി അവകാശപ്പെട്ടു. വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിംഗ് വഴി 5500 കോടി രൂപ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപമായി സമാഹരിക്കാനും സംസ്ഥാനത്ത് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പ് മിഷന് സാധിച്ചെന്ന് മന്ത്രി പറഞ്ഞു. 5000 സ്റ്റാര്‍ട്ടപ്പുകളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
ആഗോള തലത്തില്‍ സംരംഭക ആശയങ്ങള്‍ കൈവശമുള്ളവര്‍ക്ക് കേരളത്തിലെ പ്രകൃതിരമണീയമായ ഇടങ്ങളില്‍ വന്ന് താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും.
വ്യാപാരികളുടെ കൂട്ടായ്മ
റീട്ടെയില്‍ ചെയിനുകളും വലിയ ഷോപ്പിംഗ് മാളുകളും ഓണ്‍ലൈന്‍ വ്യാപാരവും സംസ്ഥാനത്തെ ചെറുകിട വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നെന്ന് ബജറ്റ് വിലയിരുത്തുന്നു. വ്യാപാരി കൂട്ടായ്മകളിലൂടെ വലിയ അളവില്‍ സാധനങ്ങള്‍ ഒരുമിച്ചു വാങ്ങിയും ചരക്ക് നീക്കം ഒരുമിച്ചു നടത്തിയും പ്രതിസന്ധി നേരിടാമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയും ആധുനിക മാനേജ്മെന്റ് സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം രൂപീകരിക്കാന്‍ 3 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടു വരികയാണെന്ന് ബജറ്റ് അവകാശപ്പെടുന്നു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം 1,40,000 സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു
വലിയ വ്യവസായങ്ങള്‍ക്ക് 774 കോടി രൂപ
കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടു വരികയാണെന്ന് ബജറ്റ് അവകാശപ്പെടുന്നു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം 1,40,000 സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ഇടത്തരം-വലിയ വ്യവസായങ്ങള്‍ക്കായി 773.09 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വ്യവസായ, ധാതു മേഖലയ്ക്കായി 1729.13 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്.
ചെറുകിട വ്യവസായം
ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതിക്കായി 215.64 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്വയംതൊഴില്‍ പദ്ധതികളെയെല്ലാം സംയോജിപ്പിക്കുന്ന സംരംഭക സഹായ പദ്ധതിക്കായി 58.50 കോടി രൂപയും ധനമന്ത്രി വകയിരുത്തി. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 43 കോടി രൂപയാണ് ചെവഴിക്കുക. ഈ പദ്ധതിയുടെ 20% ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.