രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ബോംബെയുമായി ചേര്‍ന്ന് ‘ഭാരത് ജിപിടി’ പ്രോഗ്രാം ആരംഭിക്കുമെന്ന് ചെയര്മാന് ആകാശ് അംബാനി. ടെലിവിഷനുകള്‍ക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ജിയോ സമഗ്രമായി ചിന്തിക്കുകയാണെന്നും ആകാശ് പറഞ്ഞു. ഐഐടി ബോംബെയുടെ വാര്‍ഷിക ടെക്ഫെസ്റ്റില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആകാശ് അംബാനി.
വികസനത്തിന്റെ ഒരു ഇക്കോസിസ്റ്റം നിര്‍മ്മിക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കൂടാതെ ‘ജിയോ 2.0”ന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളെയും വലിയ തോതില്‍ പരിവര്‍ത്തനം ചെയ്യും. ജിയോയുടെ എല്ലാ മേഖലകളിലും എഐ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
ഇന്ത്യ അടുത്ത ദശകത്തിന്റെ ‘ഏറ്റവും വലിയ ഇന്നൊവേഷന് സെന്റര്‍’ ആണെന്ന് വിശേഷിപ്പിച്ച ആകാശ് അംബാനി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ രാജ്യം 6 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജിയോയെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് എന്ന് വിളിച്ച അംബാനി, യുവസംരംഭകര്‍ പരാജയപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞു.
സംരംഭകര്‍ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കണം. പ്രത്യേകിച്ചും ഉപഭോക്തൃ മേഖലയില്‍ ഒരാള്‍ ഇടപെടുകയാണെങ്കില്‍, അവര്‍ ചെയ്യുന്ന ജോലിയില്‍ അഗാധമായ അഭിനിവേശം ഉണ്ടായിരിക്കണം.
ജനസംഖ്യയും ജാതിയും ഉള്‍പ്പെടെയുള്ള അതിര്‍വരമ്പുകള്‍ മറികടക്കുന്നതിന് സാങ്കേതികവിദ്യ സഹായിക്കും. കൂടാതെ ജിയോ എല്ലായ്പ്പോഴും ഭാവിയിലെ സാങ്കേതികവിദ്യയില്‍ ശ്രദ്ധിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.