ന്യൂഡെല്‍ഹി: വെറും 999 രൂപ വിലയിട്ട് അടുത്തിടെ പുറത്തിറക്കിയ ജിയോഭാരത് വി2 മൊബൈല്‍ ഫോണുകള്‍ക്ക് വിപണിയില്‍ ലഭിച്ച സ്വീകാര്യത മുകേഷ് അംബാനിയെ ആവേശഭരിതനാക്കിയിരിക്കുകയാണ്. കാര്‍ബണുമായി സഹകരിച്ച് 10 ലക്ഷം യൂണിറ്റ് ജിയോ ഭാരത് വി2 ഫോണുകളാണ് പ്രാരംഭമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് അടുത്തിടെ പുറത്തിറക്കിയത്.
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇതിന്റെ ആവേശമുള്‍ക്കൊണ്ട് ജിയോഭാരത് വി2 ഫോണിന്റെ ഉല്‍പ്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ റിലയന്‍സ് തയാറെടുക്കുകയാണ്. മറ്റ് ഫോണ്‍ നിര്‍മാതാക്കളും ഈ ഉദ്യമത്തിന്റെ ഭാഗമാകും. വരും വര്‍ഷങ്ങളില്‍ ജിയോ ഭാരത് ഫോണില്‍ നിന്ന് 10,000 കോടി രൂപയുടെ ബിസിനസാണ് അംബാനി ലക്ഷ്യമിടുന്നത്.
ജിയോ ഭാരത് ഫോണ്‍ എതിരാളികളായ എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും വലിയ അപകടമാണെന്ന് ബോഫ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഏകദേശം 100 ദശലക്ഷം ഉപയോക്താക്കളെ നേടാന്‍ ജിയോ ഭാരത് വി2 ന് കഴിഞ്ഞേക്കും. ഫോണിനൊപ്പം ആകര്‍ഷകമായ ഒരു കൂട്ടം ഡാറ്റ പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.