മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും ബോളിവുഡ് നടി ആലിയ ഭട്ടും ചേര്‍ന്ന് ഇനി ബിസിനസ് നടത്തും. ആലിയയുടെ അപ്പാരല്‍ കമ്പനിയായ എഡ്-എ-മമ്മയില്‍ 51 ശതമാനം ഓഹരികള്‍ ഇഷയുടെ റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കി. എഡ്-എ-മമ്മ എന്ന മെറ്റേണിറ്റി, ബേബി കെയര്‍ ബ്രാന്‍ഡില്‍ ഒരു പ്രധാന ഓഹരി ഏറ്റെടുക്കുന്നതിലൂടെ, രണ്ട് ബ്രാന്‍ഡുകളും അതിന്റെ വില്‍പ്പനയും സാന്നിധ്യവും വിപുലീകരിക്കുന്നതിനുള്ള ഒരു പങ്കാളിത്തത്തില്‍ ഏര്‍പ്പെടും.
വ്യക്തിഗത പരിചരണം, ബേബി ഫര്‍ണിച്ചര്‍, രക്ഷാകര്‍തൃ പുസ്തകങ്ങള്‍, കുട്ടികളുടെ കഥാ പുസ്തകങ്ങള്‍, ആനിമേറ്റഡ് സീരീസ് എന്നിവയിലേയ്ക്ക് കൂടി ബ്രാന്‍ഡിന്റെ ഐഡന്റിറ്റി വികസിപ്പിക്കാനാണ് റിലയന്‍സിന്റെ പദ്ധതി. ആലിയ ഭട്ടിന്റെ ബ്രാന്‍ഡ് ഏറ്റെടുത്തതിന് റിലയന്‍സിന് 300-350 കോടി രൂപ ചെലവ് വന്നതായാണ് കണക്കാക്കുന്നത്.
2020 ലാണ് എഡ്-എ-മമ്മ എന്ന ബേബി കെയര്‍ ബ്രാന്‍ഡ് ആലിയ ഭട്ട് സ്ഥാപിച്ചത്. ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായി ആരംഭിച്ച സംരംഭത്തിന്റെ ആദ്യത്തെ ഓഫ്ലൈന് സ്റ്റോര്‍ അടുത്തിടെ തുറന്നിരുന്നു. 150 കോടിയിലധികം മൂല്യമുള്ള കമ്പനിയാണ് എഡ്-എ-മമ്മ.അതേസമയം, ഇഷ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിന് മൊത്തം 2.60 ലക്ഷം കോടി രൂപ വരുമാനമുണ്ട്. വിദേശ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് വലിയ തലത്തിലേക്ക് വളരാനാണ് കമ്പനിയുടെ ശ്രമം.