യുകെയില്‍ ജൂലൈ മാസം വിലക്കയറ്റം 18 മാസത്തെ ഉയര്‍ച്ചയിലെത്തി. വിലക്കയറ്റത്തെ മുന്‍മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ 3.8 ശതമാനത്തിലെത്തിയതായി ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. സേവനമേഖലയില്‍ വിലക്കയറ്റം 4.7 ശതമാനത്തില്‍ നിന്നും 5.0 ശതമാനത്തിലേക്ക് കത്തിക്കയറി. മൊത്തത്തിലുള്ള വിലക്കയറ്റം (ഹെഡ്ലൈന് ഇന്‍ഫ്ളേഷന്‍) 3.8 ശതമാനത്തിലെത്തി.
സെപ്റ്റംബറില്‍ യുകെയിലെ വിലക്കയറ്റം 4 ശതമാനത്തിലെത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനുമാനം. 2027 പകുതിയോടെ വിലക്കയറ്റം 2 ശതമാനത്തിലെത്തിക്കാനാണ് ഒബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
ബ്രക്സിറ്റിന് ശേഷം കൂടുതല്‍ സമ്മര്‍ദ്ദത്തിലായ ബ്രിട്ടനിലെ തൊഴില്‍ വിപണിയും വിലക്കയറ്റത്തിന് ഒരു കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു. വേതന നിരക്കിലും വളരെ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് രാജ്യത്തുള്ളത്. അതിനൊപ്പം ഏപ്രിലില്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധനയും അടിസ്ഥാന വേതനത്തിലുള്ള വര്‍ധനയും തങ്ങള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഏല്‍പ്പിച്ചുവെന്നും അതിനാല്‍ വിലകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്നും തൊഴില്‍ദാതാക്കള്‍ ആരോപിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ പെട്ടെന്ന്, തങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ വിലക്കയറ്റം 2 ശതമാനത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കരുതുന്നില്ല.
ഗതാഗതച്ചിലവ് കൂടി
ജൂലൈയില്‍ വിലക്കയറ്റം കുത്തനെ ഉയരാനുള്ള പ്രധാന കാരണം ഗതാഗതച്ചിലവില്‍, പ്രത്യേകിച്ച് വിമാനയാത്രാ നിരക്കിലുള്ള വര്‍ധനയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒപ്പം തന്നെ വൈദ്യുതി നിരക്ക്, ഇന്ധന വില, സോഫ്റ്റ് ഡ്രിങ്ക്, ഹോട്ടല്‍ മുറികള്‍ എന്നീ മേഖലകളിലെ വിലക്കയറ്റവും ജൂണ്‍-ജൂലൈ കാലയളവില്‍ വിലക്കയറ്റത്തിന് ആക്കം കൂട്ടി.
ഭക്ഷ്യ- മദ്യേതര പാനീയ വിലക്കയറ്റം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.9 ശതമാനം അധികമായി ഉയര്‍ന്നു. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. ഈ വര്‍ഷം അവസാനത്തോടെ ഭക്ഷ്യ വിലക്കയറ്റം 5.5 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകൂട്ടുന്നത്.