ആന്‍ഡമാന്‍ ദ്വീപസമൂഹത്തിന് സമീപം പ്രകൃതിവാതക സാന്നിധ്യം ഇന്ത്യ സ്ഥിരീകരിച്ചു. ആന്‍ഡമാന്‍ തീരപ്രദേശത്ത് നിന്ന് ഏകദേശം 17 കിലോമീറ്റര്‍ അകലെ 295 മീറ്റര്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വിജയപുരം-2 വെല്ലിലാണ് വാതകം കണ്ടെത്തിയത്. 2,650 മീറ്റര്‍ ആഴമെത്തിയപ്പോഴാണ് വാതക സാന്നിധ്യം സ്ഥിരീകരിച്ചത്.
87% മീഥേന്‍ സാന്നിധ്യം
സാമ്പിളുകള്‍ ആന്ധ്രപ്രദേശിലെ കാക്കിനാഡയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ 87 ശതമാനം മീഥേന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഉയര്‍ന്ന ഹൈഡ്രോകാര്‍ബണ്‍ ഗുണനിലവാരമാണിത്. രാജ്യത്തിന്റെ ആഴക്കടല്‍ പര്യവേക്ഷണത്തിലെ നാഴികക്കല്ലാണ് പ്രകൃതിവാതകത്തിന്റെ കണ്ടെത്തലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
‘വാതക ശേഖരത്തിന്റെ വലിപ്പവും അതിന്റെ വാണിജ്യപരമായ പ്രവര്‍ത്തനക്ഷമതയും വരും മാസങ്ങളില്‍ പരിശോധിക്കപ്പെടും. മ്യാന്മറിലും ഇന്തോനേഷ്യയിലും സമാനമായ ഭൂമിശാസ്ത്ര മേഖലയിലുള്ള കണ്ടെത്തലുകള്‍ക്ക് അനുസൃതമായി, ആന്‍ഡമാന്‍ സമുദ്ര മേഖലയും പ്രകൃതിവാതക സമ്പന്നമാണെന്ന ഇന്ത്യയുടെ ദീര്‍ഘകാല വിശ്വാസത്തെ ഈ കണ്ടെത്തല്‍ സാധൂകരിക്കുന്നു,’ പുരി പറഞ്ഞു. പെട്രോബ്രാസ്, ബിപി ഇന്ത്യ, ഷെല്‍, എക്സോണ്‍ മൊബീല്‍ തുടങ്ങിയ ആഗോള ആഴക്കടല്‍ പര്യവേക്ഷണ കമ്പനികളുമായി ഇന്ത്യ പങ്കാളിത്തം സ്ഥാപിക്കുമെന്നും പുരി പറഞ്ഞു.
സമുദ്ര മന്ഥന്
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സമുദ്ര മന്ഥന്’ എന്ന് വിളിക്കപ്പെടുന്ന ദേശീയ ആഴക്കടല്‍ പര്യവേക്ഷണ ദൗത്യം പ്രഖ്യാപിച്ചിരുന്നു. മിഷന് മോഡില്‍ നടപ്പിലാക്കുന്ന ഈ ദൗത്യം, ഓഫ്ഷോര്‍ ബേസിനുകളില്‍ എണ്ണ, വാതക പര്യവേക്ഷണം വിപുലീകരിക്കാനും ഊര്‍ജ്ജ സ്വയംപര്യാപ്തതയ്ക്കുള്ള ഇന്ത്യയുടെ മുന്നേറ്റം ത്വരിതപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഇറക്കുമതി ചെലവ് 1.27 ലക്ഷം കോടി രൂപ
പ്രതിവര്‍ഷം 65-70 ബില്യണ്‍ കുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിന്റെ 50-55% മാത്രമാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. എല്‍എന്‍ജിയുടെ രൂപത്തില്‍ ശേഷിക്കുന്ന 50% ഇന്ത്യ ഇറക്കുമതി ചെയ്യുരയാണ്. ഖത്തര്‍, യുഎസ്എ, യുഎഇ, റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രകൃതിവാതകം കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. 1.27 ലക്ഷം കോടി രൂപയാണ് ഇന്ത്യ പ്രകൃതിവാതക ഇറക്കുമതിക്കായി ചെലവാക്കുന്നത്.