ന്യൂഡെല്‍ഹി: ആദായ നികുതി പിഴയില്ലാതെ അടയ്ക്കാനുള്ള അവസാന ദിവസമായ ജൂലൈ 31 ന് റിട്ടേണ്‍ ഫയലിംഗ് റെക്കോഡ് വേഗം കൈവരിച്ചു. ഉച്ചയ്ക്ക് 12 മണി വരെ 11.03 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തു. 12 മണി മുതല്‍ 1 മണി വരെയുള്ള ഒരു മണിക്കൂറിനുള്ളില്‍ 3.39 ലക്ഷം ഐടിആറുകളും ഫയല്‍ ചെയ്തതായി ആദായനികുതി വകുപ്പ് അറിയിച്ചു. ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 6.13 കോടി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
അറ്റാദായ നികുതി അടയ്ക്കേണ്ട വരുമാനം പ്രതിവര്‍ഷം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ആദായനികുതി വകുപ്പ് റിബേറ്റ് അനുവദിക്കും. റിബേറ്റ് ക്ലെയിം ചെയ്യുന്നതിന് നികുതിദായകര്‍ അവരുടെ ഐടിആര്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഫയല്‍ ചെയ്യേണ്ടതുണ്ട്. പിഴയില്ലാതെ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 തിങ്കളാഴ്ചയാണ്. എന്നിരുന്നാലും, നികുതി അടയ്ക്കേണ്ട വരുമാനം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍, ഡിസംബര്‍ 31 വരെ 1,000 രൂപ പിഴയോടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം.