ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ 10,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഓണ്‍ലൈന്‍ വില്പന നടത്തുന്നവരാണ് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. 3 വര്‍ഷത്തിനിടെയാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള 45 ബ്രാന്‍ഡുകള്‍ക്ക് ആദായ നികുതി വകുപ്പ് ഇന്റിമേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അവര്‍ നികുതി അടക്കാതിരിക്കുകയോ, കുറഞ്ഞ വരുമാനം രേഖപ്പെടുത്തുകയോ ആണ് ചെയ്തിരിക്കുന്നത്.
വലിയ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് പുറമെ, ഇന്‍സ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും വില്‍പ്പനക്കാരെയും ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 2020 മുതല്‍ 2022 വരെയുള്ള അസസ്മെന്റ് വര്‍ഷങ്ങളിലെ കണക്കെടുത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസ് അയച്ച 45 ഇ ടെയ്ലര്മാരില് വലിയ ഇ കൊമേഴ്സ് കമ്പനികളില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടീസയക്കുമെന്നും അവര്‍ വ്യക്തമാക്കി. 45 ഇ ടെയ്ലര്മാരില് 17 കമ്പനികള്‍ തുണിത്തരങ്ങള്‍ കച്ചവടം ചെയ്യുന്നു. 11 കമ്പനികള്‍ സ്വര്‍ണ്ണ കച്ചവടവും, 6 ഇ-ടെയ്ലര്മാര് ചെരുപ്പ്, ബാഗ് വില്‍പ്പനയുമാണ് നടത്തുന്നത്. ബാക്കിയുള്ളവ ഗിഫ്റ്റുകളും മറ്റ് സാധനങ്ങളും വില്‍ക്കുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് വലിയ ഉപഭോക്താക്കളിലേക്ക് എത്താന്‍ ശ്രമിക്കുന്ന പ്രമുഖ കച്ചവടക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥന് പറയുന്നത്. മാത്രമല്ല, പലരും അവരുടെ ഉത്പന്നങ്ങള്‍ വിദേശത്തേക്കും അയക്കുന്നുണ്ട്.
ഇന്ത്യയില്‍ 229.5 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ ഉള്ളതും ഇന്ത്യയിലാണ്. ഏകദേശം 314 മില്യണ്‍.