യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. അടുത്ത നാലഞ്ച് വര്‍ഷത്തിനുള്ളില്‍ വെയ്റ്റിംഗ് ലിസ്റ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചു. ജനറല്‍ കോച്ചുകള്‍ക്കും സ്ലീപ്പര്‍ കോച്ചുകള്ക്കുമായുളള വര്‍ധിച്ചു വരുന്ന ആവശ്യകത നിറവേറ്റാനുള്ള സമഗ്ര പദ്ധതിയെക്കുറിച്ചും മന്ത്രാലയം പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള യാത്രക്കാരുടെ കണക്കെടുക്കുത്തു നോക്കിയാല്‍ അവരുടെ മനോഭാവത്തില്‍ വന്ന മാറ്റം തിരിച്ചറിയാം. ആകെ യാത്രക്കാരുടെ 95.3% ജനറല്‍ ക്ലാസിലും സ്ലീപ്പര്‍ ക്ലാസിലുമാണ് യാത്ര ചെയ്തത്. അതായത്, 3.72 ബില്യണ്‍ യാത്രക്കാര്‍ തെരഞ്ഞെടുത്തത് എസി ഇല്ലാത്ത കോച്ചുകളാണെന്നര്ത്ഥം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 380 മില്യണ്‍ യാത്രക്കാരുടെ വര്‍ധനവാണ് ജനറല്‍ ക്ലാസിലും സ്ലീപ്പര്‍ ക്ലാസിലും ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ബഡ്ജറ്റില്‍ യാത്ര ചെയ്യാനുള്ള ജനങ്ങളുടെ താത്പര്യമാണ് ഇതില്‍ പ്രകടമാകുന്നത്.
അതേ സമയം, ആകെ യാത്രക്കാരുടെ 4.7% ആണ് എസി കോച്ചുകളില്‍ യാത്ര ചെയ്തിരിക്കുന്നത്. അതായത് 18.2 കോടിക്കടുത്ത് വരുന്ന ആളുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍, യാത്രക്കാരില്‍ 3.1 കോടി പേരുടെ വര്‍ധനയുണ്ടായി.
ആകെ യാത്രക്കാരുടെ എണ്ണം 411 ദശലക്ഷം ആയി. നോണ്‍ എസി യാത്രക്കാരുടെ എണ്ണത്തിലാണെങ്കിലോ 92.5 % വര്‍ധനയും ഉണ്ടായി.
കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 562 പുതിയ തീവണ്ടികള്‍ ദിവസവും ഓടുന്നുണ്ട്. എക്സ്പ്രസ്സ് ട്രെയിനുകള്‍ 1,768ല്‍ നിന്ന് 2,122 ആയി. സബ്അര്‍ബന്‍ ട്രെയിനുകള്‍ 5,626 ല്‍ നിന്ന് 5,774 എണ്ണമായി. പാസഞ്ചര്‍ ട്രെയിനുകളാകട്ടെ, 2,792 ല്‍ നിന്ന് 2,852 ലേക്ക് വര്‍ധിച്ചു. 10,748 ട്രെയിനുകളാണ് ദിനംപ്രതി ഓടുന്നത്.