2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വി ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു. അപരാജിതമായി ഫൈനല്‍ വരെ മുന്നേറിയ ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ടീമാണെന്ന് ക്രിക്കറ്റ് വിശാരദന്മാര് ഒരേ സ്വരത്തില്‍ പറഞ്ഞു. നാട്ടില്‍ കളിക്കുന്നെന്ന മുന്‍തൂക്കവും ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ പ്രൊഫഷണലുകളെന്ന് എക്കാലവും വാഴ്ത്തപ്പെടുന്ന ഓസ്ട്രേലിയയുടെ കൈയില്‍ നിന്ന് ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
രാജ്യം മുഴുവന്‍ ഈ തോല്‍വിയുടെ ദുഖം തളംകെട്ടി. ടീമംഗങ്ങള്‍ കണ്ണീരോടെയാണ് കളിക്കളം വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിംഗ് റൂമിലെത്തി കളിക്കാരെ ആശ്വസിപ്പിച്ചു. ക്രിക്കറ്റിനെ വളരെ ആവേശത്തോടെയും പാഷനോടെയും കാണുന്ന ഇന്ത്യക്കാരുടെ സ്വഭാവം മനസിലാക്കി ദുഖത്തില്‍ നിന്ന് വിമോചനം നേടാന്‍ ഒരു ദിവസത്തെ അവധി കൊടുത്താണ് ഗുരുഗ്രാമിലെ ഒരു കമ്പനി മാതൃകയായത്. മാര്‍ക്കറ്റിംഗ് ഏജന്‍സിയായ മാര്‍ക്കറ്റിംഗ് മൂവേഴ്സാണ് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചത്. ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണത്തില്‍ സജീവമായി ഉണ്ടായിരുന്ന ഏജന്‍സിയാണ് മാര്‍ക്കറ്റിംഗ് മൂവേഴ്സ്.
25 ദിവസമായി 20 ല്‍ ഏറെ പ്രൊജക്റ്റുകളും 90 ല്‍ ഏറെ മീറ്റിംഗുകളും ലോകകപ്പ് പ്രചാരണത്തിനായി വളരെ എളുപ്പം നടത്തിയെന്നും അതിനാല്‍ തന്നെ കളിയിലെ തോല്‍വിയുമായി പൊരുത്തപ്പെടാനാവുന്നില്ലെന്നും ദീക്ഷ ഗുപ്തയെന്ന കോണ്ട്രിബ്യൂട്ടര് ലിങ്ക്ഡ്ഇന്നില്‍ എഴുതി. ഈ എഴുത്ത് വായിക്കാനിടയായ മാനേജ്മെന്റ് ഒരു ദിവത്തെ റിലാക്സേഷന് ലീവ് ജീവനക്കാര്‍ക്ക് അനുവദിക്കുകയായിരുന്നു.
മനോവീര്യം തിരികെ പിടിക്കാനും മാനസിക സ്ഥിരത വീണ്ടെടുക്കാനും തോല്‍വിയുടെ ആഘാതം മറികടക്കാനും കൂടുതല്‍ ഊര്‍ജത്തോടെ ജോലിയിലേക്ക് മടങ്ങാനും ഈ അവധി സഹായിക്കുമെന്ന് ജീവനക്കാര്‍ പ്രതികരിച്ചു.