ഫെബ്രുവരി 11 ന് കൊച്ചിയില്‍ നടക്കുന്ന ജി-ടെക് മാരത്തോണിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ജി-ടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.
ലഹരിക്കെതിരായ സന്ദേശം യുവാക്കളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ ഐടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസാണ് (ജി-ടെക്) മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. 7000 ലധികം പേര് മാരത്തോണില്‍ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജി-ടെക് മാരത്തോണിന്റെ ആദ്യ ലക്കം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്താണ് നടന്നത്.
കൊച്ചിയിലും പരിസരപ്രദേശത്തുമുള്ള വിദ്യാര്‍ത്ഥിസമൂഹം, ഐടി പ്രൊഫഷണലുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, കോര്‍പറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ മാരത്തോണിന് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പെടും.
രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയിലേറെ പേരും സ്ത്രീകളും കുട്ടികളുമാണ്. മൂന്ന് കി.മി, പത്ത് കി.മി, 21 കി.മി എന്നീ വിഭാഗങ്ങളിലാണ് മാരത്തോണ്‍ മത്സരങ്ങള്‍ നടക്കുന്നത്. കായികമന്ത്രി വി അബ്ദുറഹിമാന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ് എന്ന ആഹ്വാനത്തോടെയാണ് കേരളത്തിലെ ഒരു ലക്ഷത്തിലധികം വരുന്ന ഐടി പ്രൊഫഷണലുകള്‍ ഈ മാരത്തോണിന് പിന്തുണ നല്‍കുന്നതെന്ന് വി കെ മാത്യൂസ് പറഞ്ഞു. ലഹരി വിഷയത്തില്‍ സംസ്ഥാനം നേരിടുന്ന ഗുരുതര സാഹചര്യമെന്ന നിലയില്‍ സാര്‍ഥകമായ ഇടപെടല്‍ നടത്തേണ്ടത് ഉത്തരവാദിത്തമായാണ് ഇവിടുത്തെ ഐടി സമൂഹം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആകെ ഐടി ജീവനക്കാരുടെ 80 ശതമാനം പേരുമടങ്ങുന്ന 250 ഓളം ഐടി കമ്പനികളുടെ സംഘടനയാണ് ജി-ടെക്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, ടാറ്റ എല്‍ക്സി, ക്വെസ്റ്റ്, യുഎസ്ടി, ഇവൈ തുടങ്ങിയ വന്‍കിട കമ്പനികളും ചെറുകിട-ഇടത്തരം ഐടി കമ്പനികളും ജി-ടെക്കില്‍ അംഗങ്ങളാണ്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ഭൂരിഭാഗം കമ്പനികളും ജി-ടെക്കിന്റെ ഭാഗമാണ്.