ദീപാവലി ആഘോഷങ്ങളുടെ തുടക്കമായ വെള്ളിയാഴ്ച ധന്തേരാസ് ദിവസം എല്ലാ വ്യാപാര മേഖലകളിലും ഉണര്‍വ്. റെക്കോഡ് വില്‍പ്പനയുമായി സ്വര്‍ണാഭരണ വിപണിയാണ് ധന്തേരാസ് ദിവസത്തെ കച്ചവടത്തെ നയിച്ചത്.
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ (ഐബിജെഎ) കണക്കനുസരിച്ച്, രാജ്യത്ത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 7.7% വര്‍ദ്ധിച്ച് 42 ടണ്ണിലേക്കും മൂല്യം 10% ഉയര്‍ന്ന് 22,000 കോടിയിലേക്കുമെത്തി. വെള്ളിയാഴ്ച സ്വര്‍ണവില 10 ഗ്രാമിന് 1,500 രൂപ കുറഞ്ഞ് 60,400 രൂപയായി.
മൊബൈല്‍ ഫോണുകളുടെ വില്‍പ്പന 8% ഉയര്‍ന്നെന്ന് മൊബൈല്‍ ഫോണ്‍ വിപണി നിരീക്ഷകരായ കൗണ്ടര്‍പോയന്റ് റിസര്‍ച്ച് പറയുന്നു. വൈറ്റ് ഗുഡ്സില്‍ വരുന്ന റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുടെ വില്‍പ്പന 20% വര്‍ധിച്ചു.
ടെലിവിഷന്‍ വില്‍പ്പനയ്ക്ക് ദിവാലിക്കൊപ്പം ക്രിക്കറ്റ് ലോകകപ്പും കരുത്തായിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മികച്ച പ്രകടനം കൂടിയായപ്പോള്‍ ടെലിവിഷന്‍ വില്‍പ്പന 30% ന് മുകളിലേക്ക് വര്‍ധിച്ചു.
നഗര, അര്‍ദ്ധ നഗര വിപണികളാണ് പുനരുജ്ജീവനത്തിന് കാരണമായതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ണായകമായ ഗ്രാമീണ വിപണികള്‍ ഇപ്പോഴും വീണ്ടെടുക്കലിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാന്‍ തുടങ്ങിയിട്ടില്ല.