സര്‍വകാല റെക്കോഡില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. വ്യാഴാഴ്ച കേരളത്തില്‍ സ്വര്‍ണവില പവന് 680 രൂപ കുറഞ്ഞ് 83,920 രൂപയിലെത്തി. ഗ്രാമിന് 85 രൂപ ഇടിഞ്ഞ് 10,490 രൂപയാണ് ഇന്നത്തെ വില.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവുണ്ടാകുന്നത്. കഴിഞ്ഞദിവസം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.
ആഗോള വില ഉയരുന്നു
ആഗോള സൂചകങ്ങളാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില സര്‍വകാല ഉയരമായ 3751.58 ല്‍ നിന്ന് 3718 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇത് ഇന്ത്യയിലെ വിലകളിലും പ്രതിഫലിച്ചു. എന്നിരുന്നാലും ആഗോളവില 3743 ലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഉറപ്പ് നല്‍കാതെ പവല്‍
കഴിഞ്ഞ ദിവസം പണപ്പെരുപ്പ ആശങ്കകളും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടിയ യുഎസ് ഫെഡ് മേധാവി ജെറോം പവല്‍ തുടര്‍ന്ന് എപ്പോള്‍ പലിശ നിരക്കുകള്‍ കുറയുമെന്ന് പറയാന്‍ വിസമ്മതിച്ചിരുന്നു. ഇത് നിക്ഷേപകരെ ജാഗരൂകരാക്കിയിട്ടുണ്ട്. ഒക്ടോബറിലും ഡിസംബറിലും പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്കുകള്‍ കുറഞ്ഞാല്‍ സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കും.
ഈയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന യുഎസ് തൊഴില്‍ വിപണിയില്‍ നിന്നുള്ള വിവരങ്ങളും ഉപഭോഗം സംബന്ധിച്ച സൂചനകളും നിക്ഷേപകര്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളെ ഈ വിവരങ്ങള്‍ സ്വാധിനിക്കും.
റഷ്യ-ഉക്രെയ്ന് സംഘര്‍ഷം
ഇതോടൊപ്പം ഭൗമരാഷ്ട്രീയം ചൂടുപിടിക്കുന്നതും സ്വര്‍ണവില സമീപകാലത്തൊന്നും താഴില്ലെന്ന് ഉറപ്പാക്കുന്നു. റഷ്യയുടെ വോള്‍ഗോഗാര്‍ഡില്‍ രണ്ട് എണ്ണ ഖനന കേന്ദ്രങ്ങള്‍ക്ക് നേരെ ഉക്രെയ്ന് കഴിഞ്ഞ രാത്രി ആക്രമണം നടത്തി.