ഇന്ത്യയില്‍ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കുകയെന്ന നാഴികക്കല്ല് ടാറ്റ മോട്ടോഴ്സ് കൈവരിച്ചത് ഈയാഴ്ചയാണ്. 5 വര്‍ഷം കൊണ്ടാണ് 1 ലക്ഷം ഇവികളിലേക്ക് ടാറ്റ എത്തിയത്. ആദ്യ 10000 യൂണിറ്റുകള്‍ വില്ക്കാന് 44 മാസമെടുത്തെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി എംഡിയായ ശൈലേഷ് ചന്ദ്ര പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 9 മാസങ്ങള്‍ കൊണ്ടാണ് ഇവയില്‍ 50000 ഇവികള്‍ വിറ്റഴിച്ചത്.
ഇതിനകം പുറത്തിറക്കിയ ഇവികളിലൂടെ 2,19,432 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലാണ് ഒഴിവായിക്കിട്ടിയത്. 700 കോടി രൂപയുടെ ഫോസില്‍ ഇന്ധനവും ലാഭിക്കാനായി.
2024 അവസാനത്തോടെ 2 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കുകയെന്ന നാഴികക്കല്ല് എത്തിപ്പിടിക്കാമെന്നാണ് ടാറ്റ കണക്കാക്കിയിരിക്കുന്നത്. ഓരോ മാസവും 10000 ഇവികള്‍ പുറത്തിറക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ടാറ്റയുടെ ഭാവി ലക്ഷ്യം 2030 ഓടെ 1 ദശലക്ഷം ഇവികള്‍ പുറത്തിറക്കുകയെന്നതും.
ടിയാഗോയാണ് ടാറ്റയുടെ കുതിപ്പിന് ഇന്ധനമായ മോഡല്‍.
കമ്പനിയുടെ ആകെ വാഹന വില്‍പ്പനയുടെ 14-15 ശതമാനം ഇവികളാക്കാന് ടിയാഗോ ഇവിക്ക് സാധിച്ചു. വരുന്ന പാദങ്ങളില്‍ നെക്സണ്‍ ഇവി ഫേസ് ലിഫ്റ്റ്, പഞ്ച് ഇവി, ഹാരിയര്‍ ഇവി, കര്‍വ് ഇവി എന്നിവ ലോഞ്ച് ചെയ്യുമെന്ന് ടാറ്റ ചെയര്മാന് എന്‍ ചന്ദ്രശേഖരന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 8.5 ലക്ഷത്തില്‍ ആരംഭിക്കുന്ന ടിയാഗോ ഇവി മുതല്‍ 30 ലക്ഷത്തിന്റെ ഹാരിയര്‍ ഇവി വരെ സമ്പൂര്‍ണ റേഞ്ചിലേക്ക് ടാറ്റ ഇതോടെ എത്തും. വരും വര്‍ഷങ്ങളില്‍ സിയേറ, അവിന്യ എന്നിവയുടെ ഇലക്ട്രിക് വേരിയന്റുകള്‍ കൂടി നിരത്തിലിറങ്ങും. 2025-26 ഓടെ 10 ഇലക്ട്രിക് കാറുകളുടെ പോര്‍ട്ട്ഫോളിയോയാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.