വേദാന്തയുമായി ചേര്‍ന്ന് ആരംഭിക്കാനിരുന്ന 19.5 ബില്യണ്‍ ഡോളറിന്റെ ചിപ്പ് മേക്കിംഗ് സംയുക്ത സംരംഭത്തില്‍ ലോകത്തെ വമ്പന്‍ സെമികണ്ടക്റ്റര്‍ നിര്‍മാതാക്കളായ ഫോക്സ്കോണ്‍ വേര്‍പിരിഞ്ഞത് ഞെട്ടലോടെയാണ് ഇന്ത്യന്‍ ടെക് ലോകം കേട്ടത്. ലോകമെമ്പാടും ഇന്ത്യയെ ലോകത്തെ ചിപ്പ് ഹബ്ബാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികള്‍ക്കേറ്റ തിരിച്ചടിയായി ഇത് വിലയിരുത്തപ്പെട്ടു. എന്നാല്‍ ഇന്ത്യ വിടാന്‍ ഉദ്ദേശമില്ലെന്നും മറിച്ച് സ്വന്തം നിലയില്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാനാണ് പരിപാടിയെന്നും ഫോക്സ്കോണ്‍ വ്യക്തമാക്കിയിരിക്കുന്നു. അര്‍ദ്ധചാലക നിര്‍മ്മാണ നയത്തിന് കീഴില്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഇന്‍സെന്റീവിന് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതായി തായ്വാന് കമ്പനിയായ ഫോക്സ്കോണ്‍ ചൊവ്വാഴ്ച അറിയിച്ചു.
ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്നും ശക്തമായ ഒരു സെമികണ്ടക്റ്റര്‍ നിര്‍മ്മാണ പരിതസ്ഥിതി ഇന്ത്യയില്‍ വിജയകരമായി ഉരുത്തിരിഞ്ഞു വരികയാണെന്നും ഫോക്സ്കോണ്‍ വ്യക്തമാക്കുന്നു.
മെറ്റല്‍-ഓയില്‍ മേഖലയിലെ വമ്പന്മാരായ വേദാന്തയുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് ഇരു കൂട്ടരും പരസ്പരം യോജിപ്പിലെത്തിയ ശേഷമാണ് പിരിഞ്ഞതെന്ന് ഫോക്സ്കോണ്‍ വ്യക്തമാക്കി. നിര്‍ദ്ദിഷ്ട പ്രൊജക്റ്റ് വേണ്ടത്ര വേഗത്തില്‍ നീങ്ങുന്നില്ലെന്ന് ഇരുവശത്തുനിന്നും അഭിപ്രായമുണ്ടായെന്ന് കമ്പനി പറയുന്നു. ഇത് നെഗറ്റീവ് ആയി എടുക്കേണ് കാര്യമില്ലെന്നും ഫോക്സ്കോണ്‍ പറയുന്നു. പറഞ്ഞു.
2026ഓടെ അര്‍ദ്ധചാലക വിപണി 63 ബില്യണ്‍ ഡോളറിലേക്ക് വളര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തായ്വാന്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെമികണ്ടക്റ്റര്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് സ്വയംപര്യാപ്തത നേടിയെടുക്കാനാണ് പദ്ധതി. 10 ബില്യണ്‍ ഡോളറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവാണ് രാജ്യത്ത് സെമികണ്ടക്റ്റര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പിളിന്റെ സ്വന്തം ഫോക്സ്കോണ്‍
ആപ്പിള്‍ ഭൂപടത്തില്‍ തായ്വാന് ഇടംപിടിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹോണ്‍ ഹായ് ഫോക്സ്കോണ്‍. ആപ്പിളിന്റെ ഏറ്റവും പഴയതും വലുതുമായ വിതരണക്കാരില്‍ ഒന്നാണ് ഫോക്സ്കോണ്‍. കമ്പനിയുടെ ആസ്ഥാനം ന്യൂ തായ്പേയ് സിറ്റിയിലെ തുചെങ്ങിലാണ്. തായ്വാനാണ് ആസ്ഥാനമെങ്കിലും പലപ്പോഴും ഒരു ചൈനീസ് കമ്പനിയായി ഫോക്സ്കോണ്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതിന് കാരണം ചൈനയില്‍ കമ്പനിക്കുള്ള ബൃഹത്തായ സാന്നിധ്യമാണ്. 2018-ല്‍, ഫോക്സ്കോണിന് തായ്വാന്, ചൈന, ഇന്ത്യ, ബ്രസീല്‍, വിയറ്റ്നാം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ ആപ്പിളിന് സേവനം നല്കുന്ന 35 സപ്ലയര്‍ ലൊക്കേഷനുകള്‍ ഉണ്ടായിരുന്നു. 35 ലൊക്കേഷനുകളില്‍ 29 എണ്ണം ചൈനയിലാണ്. 2021 ലാണ് ഫോക്സ്കോണിന്റെ ആപ്പിളിനായുള്ള ആദ്യത്തെ ഉല്‍പ്പാദന കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കുന്നത്.